കാര്യം ബിഎംഡബ്ല്യൂ തന്നെ പക്ഷേ നിർമിക്കുന്നത് ഇന്ത്യൻ കമ്പനിയുടെ തട്ടകത്തിൽ, ഒരു ലക്ഷം ബെെക്കുകൾ ഉത്പാദിപ്പിച്ചത് തമിഴ്നാട്ടിലെ പ്ലാന്റിൽ

Monday 18 October 2021 12:07 AM IST

ചെന്നെെ: ബി.എം.ഡബ്ല്യു മോട്ടോറാഡിന്റെ 310 സി.സി സീരീസിന്റെ ഒരു ലക്ഷം മോട്ടോർസൈക്കിളുകൾ തമിഴ്‌നാട്ടിലെ തങ്ങളുടെ പ്ലാന്റിൽ നിർമ്മിച്ച് ടി.വി.എസ് മോട്ടോർ കമ്പനി. ടി.വി.എസിന്റെ ഹോസൂർ പ്ലാന്റിൽ നിർമിക്കപ്പെട്ട ബൈക്ക് ബി.എം.ഡബ്ല്യു ജി 310 ജിഎസ് ആയിരുന്നു. പ്ലാന്റിൽ 310 സിസി പ്ലാറ്റ്ഫോമിലുളള മൂന്ന് തരം മോട്ടോർസൈക്കിളുകളാണ് നിർമ്മിക്കുന്നത്. ബി.എം.ഡബ്ല്യു ജി 310 ആർ, ബി.എം.ഡബ്ല്യു ജി 310 ജിഎസ്, ടി.വി.എസ് അപ്പാച്ചി ആർആർ 310 എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ടി.വി.എസ് മോട്ടോർ കമ്പനിയും ബി.എം.ഡബ്ല്യു മോട്ടറാഡും 2013 ൽ 500 സി.സിയിൽ താഴെയുള്ള മോട്ടോർസൈക്കിളുകൾ ലോകമെമ്പാടുമുള്ള വിപണികൾക്കായി നിർമ്മിക്കാൻ ധാരണയിലെത്തിയിരുന്നു. 2015ലാണ് ഈ ധാരണ പ്രകാരം ഉത്പാദനം ആരംഭിച്ചത്. ബി‌.എം‌.ഡബ്ല്യു മോട്ടോററാഡുമായുള്ള ഞങ്ങളുടെ യാത്രയിൽ ചരിത്രപരമായ ഒരു നാഴികക്കല്ല് കൈവരിച്ചതിൽ സന്തോഷമുണ്ടെന്ന് ടി.വി.എസ് മോട്ടോർ കമ്പനി ഡയറക്ടറും സി.ഇ.ഒയുമായ കെ.എൻ. രാധാകൃഷ്ണൻ പറഞ്ഞതായി കാർ ആന്റ് ബെെക്ക് ഡോട്ട് കോം റിപ്പോർട്ട് ചെയ്തു.

ഈ എട്ട് വർഷത്തെ പങ്കാളിത്തത്തിന്റെ വിജയത്തിന്റെ ശക്തമായ തെളിവാണ് ഈ നേട്ടമെന്ന് രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. ഇത് ഇരു കമ്പനികൾക്കും ഒരു പൊതു പഠനത്തിനുളള വേദി നൽകി. ആഗോള വിപണിക്കായി വാഹനങ്ങൾ നിർമ്മിക്കുന്നതിനുള്ള ഞങ്ങളുടെ പങ്കാളിത്തം ശരിക്കും അസാധാരണമാണ്. ഈ യാത്രയുടെ ഭാഗമാകുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു, ബി.എം.ഡബ്ല്യു മോട്ടോറോറാഡുമായുള്ള പങ്കാളിത്തം തുടരാൻ ഞങ്ങൾ ആഗ്രഹിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

Advertisement
Advertisement