ഹെയ്തിയിൽ 17 യു.എസ് ക്രിസ്ത്യൻ മിഷനറിമാരെ തട്ടിക്കൊണ്ടു പോയി

Monday 18 October 2021 2:01 AM IST

പോർട്ട് ഒ പ്രിൻസ് : കരീബിയൻ രാജ്യമായ ഹെയ്തിയിൽ 17 യു.എസ് ക്രിസ്ത്യൻ മിഷനറിമാരെയും കുടുംബങ്ങളെയും തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട്. ശനിയാഴ്ചയാണ് സംഭവം നടന്നത്. ഹെയ്തിയുടെ തലസ്ഥാന നഗരമായ പോർട്ട് ഒ പ്രിൻസിലെ അനാഥാലയം സന്ദർശിച്ച സംഘം സഞ്ചരിച്ച ബസിൽ കടന്നുകയറിയ അക്രമി സംഘം കുട്ടികളുൾപ്പടെയുള്ളവരെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് യു.എസ് അധികൃതർ അറിയിച്ചു. തട്ടിക്കൊണ്ടു പോയവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. മുൻ പ്രസിഡന്റ് ജോവനൽ മോയിസിന്റെ വധത്തെത്തുടർന്ന് കടുത്ത രാഷ്ട്രീയ പ്രതിസന്ധി നേരിട്ട ഹെയ്തിയിൽ ആഗസ്റ്റിലുണ്ടായ ഭൂകമ്പത്തിൽ 2000 ലധികം പേർ കൊല്ലപ്പെട്ടിരുന്നു.