ക്ഷേത്രങ്ങളിലെ ആക്രമണം ബംഗ്ലാദേശിൽ 4 പേർ അറസ്റ്റിൽ

Monday 18 October 2021 2:05 AM IST

ധാക്ക : ബംഗ്ലാദേശിൽ ദുർഗാ പൂജയോടനുബന്ധിച്ച് ക്ഷേത്രങ്ങൾ ആക്രമിച്ച സംഭവത്തിൽ ഇമാം ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ. കദിം മയ്ജതിയിലെ കാളി മന്ദിർ ആക്രമിച്ച സംഭവത്തിലാണ് അറസ്റ്റ്. ക്ഷേത്രങ്ങൾ ആക്രമിച്ചതിനെ തുടർന്ന് രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ പൊട്ടിപ്പുറപ്പെട്ട സാമുദായിക കലാപത്തിൽ 6 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 22 കാരനായ മുനാവർ റഷീദ്, ഡോക്ടറായ കാഫിൽ ഉദ്ദിൻ,പ്രായപൂർത്തിയാകാത്ത മറ്റു രണ്ടു പേർ എന്നിവരാണ് അറസ്റ്റിലായതെന്നാണ് വിവരം. അക്രമ സംഭവങ്ങൾ അരങ്ങേറിയ പ്രദേശത്തെ സി.സി.ടി.വി ക്യാമറകളിലെ ദൃശ്യങ്ങളിൽ നിന്ന് അക്രമികളെ തിരിച്ചറിഞ്ഞ പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. കാളി മന്ദിർ ക്ഷേത്രം അധികാരി ബീരേന്ദ്ര ചന്ദ്ര ബൊർമോൺ നൽകിയ പരാതിയിലാണ് അറസ്റ്റ്.

വെള്ളിയാഴ്ച രാവിലെയോടെയാണ് ക്ഷേത്രത്തിന് നേരെ ആക്രമണം ഉണ്ടായത്. ദുർഗാ പൂജയുടെ ഭാഗമായുള്ള ആഘോഷങ്ങൾ പുരോഗമിക്കുന്നതിനിടെ 200 ഓളം വരുന്ന പ്രതിഷേധ സംഘം ക്ഷേത്രങ്ങൾ ആക്രമിക്കുകയായിരുന്നുവെന്നും ഇത് പിന്നീട് രാജ്യത്തെ 12 ഓളം ജില്ലകളിൽ കലാപമായി പടരുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു. അതേ സമയം രാജ്യത്തെ ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ആക്രമണത്തിൽ പ്രതിഷേധിച്ച് ഒക്ടോബർ 23 മുതൽ രാജ്യവ്യാപകമായി നിരാഹാര സമരം നടത്തുമെന്ന് ഹിന്ദു- ബുദ്ധിസ്റ്റ്- കൃസ്ത്യൻ യൂണിറ്റി കൗൺസിൽ അറിയിച്ചു.

Advertisement
Advertisement