കാരണം ഞാനൊരു നടിയാണല്ലോ, അപകടമുണ്ടാക്കിയിട്ടും വാഹനം നിർത്താതെ പോകാനുള്ള നടി ഗായത്രി സുരേഷിന്റെ ന്യായീകരണത്തിൽ സമൂഹ മാദ്ധ്യമങ്ങളിൽ രൂക്ഷ വിമർശനം 

Monday 18 October 2021 10:38 AM IST

കൊച്ചി : കാക്കനാട് വച്ച് അപകടമുണ്ടാക്കിയിട്ടും വാഹനം നിർത്താതെ ഓടിച്ചുപോയ സിനിമ നടി ഗായത്രി സുരേഷിന്റെയും സുഹൃത്തിന്റെയും നടപടി ചോദ്യം ചെയ്ത് സോഷ്യൽ മീഡിയ. നിർത്താതെ പോയ വാഹനം പിന്തുടർന്ന് തടഞ്ഞിട്ട നാട്ടുകാർ ചിത്രീകരിച്ച വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതോടെയാണ് സംഭവത്തിൽ ന്യായീകരണവുമായി നടി എത്തിയത്. എന്റെ ഒരു വീഡിയോ വ്യാപകമായി സോഷ്യൽമീഡിയയിൽ വൈറലായിട്ടുണ്ട്. അത് സംബന്ധിച്ച് നിരവധി പേർ മെസേജ് അയച്ചും ഫോൺ വിളിച്ചും കാര്യങ്ങൾ അന്വേഷിച്ചിരുന്നു. നിങ്ങൾക്കാർക്കും എന്നെ കുറിച്ച് ഒരു മോശം ധാരണ വരാതിരിക്കാനാണ് ഞാൻ ഇപ്പോൾ ഈ വീഡിയോ പങ്കുവയ്ക്കുന്നത് എന്ന ആമുഖത്തോടെയാണ് നടി കാര്യങ്ങൾ വിശദീകരിക്കുന്നത്.

അപകടം സംഭവിച്ചു എന്നത് ശരിയായ കാര്യമാണെന്നും എന്നാൽ വണ്ടി നിർത്താതെ പോയതാണ് തങ്ങൾ ആകെ ചെയ്ത തെറ്റെന്നും ഗായത്രി വീഡിയോയിൽ തുറന്ന് പറയുന്നുണ്ട്. എന്നാൽ ഇതിന് കാരണമായി നടി സ്വയം ന്യായീകരിക്കുന്നത് ഞാനൊരു നടിയാണല്ലോ, ആളുകൾ കൂടിയാൽ എങ്ങനെയാകും പ്രതികരിക്കുക എന്ന് പേടിച്ചാണ് നിർത്താതിരുന്നത് എന്നാണ്. എന്നാൽ വാഹനം ഇടിച്ച് ആൾ മരിച്ചാലും ഇങ്ങനെ തന്നെയാണോ നടി ചെയ്യുക എന്ന ചോദ്യമാണ് സമൂഹമാദ്ധ്യമങ്ങളിൽ ഉയരുന്നത്. നിരവധി വാഹനങ്ങളിൽ ഇടിച്ചിട്ടും നിർത്താതെ പോയെന്നും വാഹനം ഓടിച്ചിരുന്ന നടിയുടെ സുഹൃത്ത് മദ്യപിച്ചിട്ടുണ്ടായിരുന്നു എന്നും വാഹനം പിന്തുടർന്ന് പിടികൂടിയ നാട്ടുകാർ ആരോപിക്കുന്നുണ്ട്.