പരസ്യത്തിനായി ഒരു രൂപപോലും ചിലവഴിച്ചിട്ടില്ല, പക്ഷേ അമിതാഭ് ബച്ചനെപ്പോലുള്ള താരങ്ങൾവരെ ഈ ഐസ്‌ക്രീമിന്റെ ആരാധകരാണ്; അതിനൊരു കാരണവുമുണ്ട്

Monday 18 October 2021 1:29 PM IST

ഒരുപാടാളുകൾക്ക് സാമ്പത്തിക പ്രതിസന്ധികാരണം അവരുടെ സ്വപ്നങ്ങൾ നിറവേറ്റാൻ സാധിക്കാതെ വരാറുണ്ട്.എന്നാൽ കഠിനാധ്വാനത്തിലൂടെ ആഗ്രഹിച്ചതെല്ലാം കൈപ്പിടിയിലൊതുക്കിയ ഒരു മനുഷ്യനെപ്പറ്റി കേട്ടാലോ?

പറഞ്ഞുവരുന്നത് കുറച്ച് ദശാബ്ദങ്ങൾക്ക് മുൻപ് കർണ്ണാടകയിലെ ഒരു കൊച്ചു ഗ്രാമത്തിൽ നിന്ന് സ്വപ്നനഗരമായ മുംബയിലേക്ക് ചേക്കേറിയ മുൽകി രഘുനന്ദൻ ശ്രീനിവാസ് കമ്മത്തിനെക്കുറിച്ചാണ്.മൺവീട്ടിൽ കഴിഞ്ഞിരുന്ന അദ്ദേഹം ഇന്ന് കോടികൾ വിറ്റുവരവുള്ള നാച്ചുറൽ ഐസ്‌ക്രീമിന്റെ ഉടമയാണ്.

ആരാണ് രഘുനന്ദൻ ശ്രീനിവാസ കമ്മത്ത്?

1954ൽ കർണാടകയിലെ മുൽകിയിൽ ഏഴ് സഹോദരന്മാരിൽ ഇളയവനായി ജനിച്ചു.തന്റെ ഗ്രാമത്തിൽ മനോഹരമായ ഒരു കുട്ടിക്കാലം അദ്ദേഹം ആസ്വദിച്ചിരുന്നു.മരങ്ങൾ കയറുകയും ചുറ്റുപാടുകൾ നിരീക്ഷിക്കുകയും ചെയ്തിരുന്നു.കമ്മത്ത് കുടുംബത്തിന്റെ സാമ്പത്തികസ്ഥിതി പലപ്പോഴും വളരെ മോശമായിരുന്നു.

പഴക്കച്ചവടക്കാരനായ കമ്മത്തിന്റെ അച്ഛൻ ഏഴു മക്കളും ഭാര്യയും അടങ്ങിയ കുടുംബം പോറ്റാൻ വളരെ കഷ്ടപ്പെട്ടിരുന്നു.രഘുനന്ദന് 15 വയസ്സുള്ളപ്പോൾ തന്നെ അദ്ദേഹത്തിന്റെ കുടുംബം മുംബയിലേക്ക് താമസം മാറിയിരുന്നു.കുടുംബത്തിന്റെ സാമ്പത്തികപ്രശ്‌നം കാരണം അദ്ദേഹം സഹോദരനൊപ്പം ഒരു ഭക്ഷണശാലയിൽ ജോലിചെയ്യാൻ തുടങ്ങി.മുംബയ് ജുഹുവിൽ ഒരു കുടുസുമുറിയിലാണ് താമസിച്ചിരുന്നത്.

നാച്ചുറൽ ഐസ്‌ക്രീമിനു പിന്നിലെ ബുദ്ധി

എല്ലാവരും ആഹാരത്തിനു ശേഷം കഴിക്കാൻ ഇഷ്ടപ്പെടുന്ന മധുരങ്ങളിൽ പ്രധാനിയാണ് ഐസ്‌ക്രീം.രുചികരവും വർണ്ണാഭവും മനോഹരവുമായ ഐസ്‌ക്രീമുകൾക്ക് ആരുടെയും മനസിൽ സന്തോഷം നിറയ്ക്കാനുള്ള കഴിവുണ്ട്.അതാണ് ഐസ്‌ക്രീമിന്റെ മാന്ത്രികത.മാങ്ങ,സ്‌ട്രോബറി,കരിക്ക് മുതൽ ലോബ്സ്റ്റർ വരെ ഇഷ്ടാനുസരണം ഫ്‌ളേവറുകൾ ഇന്ന് സുലഭമാണ്, ഇതിന് നാം നന്ദി പറയേണ്ടത് രഘുനന്ദൻ കമ്മത്തിനോടാണ്.

കമ്മത്ത് തന്റെ സഹോദരന്റെ ദക്ഷിണേന്ത്യൻ ഭക്ഷണശാലയിൽ ജോലിചെയ്യവേ അദ്ദേഹത്തെ ഐസ്‌ക്രീം വിൽക്കാനായി പുറത്തേക്ക് അയക്കുമായിരുന്നു.അവിടെനിന്നാണ് ഹോംമെയ്ഡ് ഐസ്‌ക്രീം വിൽപ്പനയുടെ തുടക്കം.ചോക്‌ളേറ്റ് ,വാനില തുടങ്ങി പതിവ് ഫ്‌ളേവറുകളിൽ നിന്ന് വ്യത്യസ്തമായി അദ്ദേഹം ചിന്തിക്കാൻ തുടങ്ങി.

നാച്ചുറൽ ഐസ്‌ക്രീമിന്റെ തുടക്കം

സഹോദരന്റെ വേർപിരിയലിനു ശേഷം,കമ്മത്ത് റസ്റ്റോറന്റിൽ നിന്ന് ലഭിച്ച കാശുപയോഗിച്ച് സ്വന്തമായി ഒരു സംരംഭം തുടങ്ങി.മുംബയിലെ ജുഹുവിൽ ഒരു ചെറിയ മുറിയിൽ ആറു മേശകളുമായാണ് തുടക്കം.പതിവിൽ നിന്ന് വ്യത്യസ്തമായി യഥാർത്ഥ പഴങ്ങളുടെ സ്വാദിൽ ഐസ്‌ക്രീമുകൾ വിൽക്കാൻ തുടങ്ങി.

ഒരുപാട് കഷ്ടപ്പാടുകൾക്കും പരാജയങ്ങൾക്കും ശേഷം ഒരു പഴക്കച്ചവടക്കാരന്റെ മകന്റെ പരിശ്രമം വിജയം കണ്ടു.1984 ൽ നാലു ജീവനക്കാരും പത്ത് ഫ്‌ളേവറുമായായിരുന്നു തുടക്കം.നല്ല പഴങ്ങൾ തിരഞ്ഞെടുക്കുന്നതിനായി അദ്ദേഹം തന്റെ പിതാവിന്റെ അറിവുകൾ വിനിയോഗപ്പെടുത്തി.ഇന്ന് രാജ്യത്തുടനീളം 135 ഔട്ട്‌ലറ്റുകളുണ്ട്.2020ൽ നടത്തിയ സർവേ പ്രകാരം മികച്ച ഉപഭോക്താക്കൾക്ക് അനുഭവം കാഴ്ചവച്ച 10 മികച്ച ഐസ്‌ക്രീം ബ്രാന്റുകളിൽ ഒന്നായി മാറാൻ നാച്ചുറൽ ഐസ്‌ക്രീമിനു കഴിഞ്ഞു.300 കോടിയാണ് സ്ഥാപനത്തിന്റെ വിറ്റുവരവ്.

പ്രചോദനം അമ്മയിൽ നിന്ന്

കുട്ടിക്കാലം മുതൽ അമ്മ വ്യത്യസ്തമായ ഭക്ഷണങ്ങൾ ഉണ്ടാക്കുന്നത് കമ്മത്ത് ശ്രദ്ധാപൂർവം നിരീക്ഷിച്ചിരുന്നു. രുചികരമായ ഭക്ഷണമുണ്ടാക്കാൻ എളുപ്പവഴിയില്ല.വളരെ സമയമെടുത്ത് ശ്രദ്ധാപൂർവം ഉണ്ടാക്കിയിരുന്ന ഭക്ഷണത്തിന്റെ സ്വാദ് മനസ്സിലാക്കിയ അദ്ദേഹം ഐസ്‌ക്രീമിലും ഇത് പരീക്ഷിച്ചു. ആഴത്തിലുള്ള ഗവേഷണത്തിലൂടെ വ്യത്യസ്തമായ ഫ്‌ളേവറുകൾ കൊണ്ടുവന്നു.നിലവിൽ ചിക്കൂസ്,കറുത്ത മുന്തിരി,ചക്ക,ലിച്ചീസ് തുടങ്ങി ഏവർക്കും സുപരിചിതമായ വിവിധതരം ഫ്‌ളേവറുകളിലാണ് ഐസ്‌ക്രീം വിപണിയിൽ എത്തുന്നത്.

പരസ്യത്തിനായി ഒരു രൂപപോലും ചിലവഴിക്കേണ്ടി വന്നിട്ടില്ല

പരസ്യത്തിനായി എനിക്ക് ഒരു രൂപപോലും ചിലവഴിക്കേണ്ടിവന്നിട്ടില്ല. അമിതാഭ് ബച്ചൻ,ദിലീപ് കുമാർ,വിവിയൻ റിച്ചാർഡ് തുടങ്ങിയവർ നിരവധി വേദികളിൽ അദ്ദേഹത്തിന്റെ ഐസ്‌ക്രീമിനെ പറ്റി പറഞ്ഞിട്ടുണ്ടെന്ന് കമ്മത്ത് പറയുന്നു.

1986 ൽ ക്രിക്കറ്റ് താരം സുനിൽ ഗവാസ്‌ക്കർ അവതരിപ്പിച്ചിരുന്ന 'ദി സണ്ണി ഡെയ്‌സ് 'എന്ന പരിപാടി കാണവെ വെസ്റ്റ് ഇന്ത്യൻ താരമായ വിവിയൻ റിച്ചാർഡ് നാച്ചുറൽ ഐസ്‌ക്രീം കഴിച്ചതിനെപ്പറ്റിയും ചിക്കുവാണ് കൂടുതൽ ഇഷ്ടമായതെന്നും പറഞ്ഞു.അപ്രതീക്ഷിതമായി ഇത് കണ്ടപ്പോൾ വളരെ സന്തോഷമായി ,കമ്മത്ത് പറയുന്നു. ബിസിനസിൽ മുന്നേറാൻ ഒരു ബിരുദത്തിന്റെയും ആവശ്യമില്ല,കഠിനാധ്വാനമാണ് വേണ്ടതെന്ന് രഘുനന്ദൻ കമ്മത്തിന്റെ ജീവിതം തെളിയിക്കുന്നു.

Advertisement
Advertisement