ആൾദൈവം ഗുർമീതിന് വീണ്ടും ജീവപര്യന്തം

Tuesday 19 October 2021 12:00 AM IST

ന്യൂഡൽഹി: സ്വയം പ്രഖ്യാപിത ആൾദൈവവും ഹരിയാന സിർസയിലെ ദേരാ സച്ചാ സൗദാ തലവനുമായ ഗുർമീത് റാം റഹിം സിംഗിനും മറ്റ് നാലുപേർക്കും പ്രത്യേക സി.ബി.ഐ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. സ്വന്തം അനുയായിയും മാനേജരുമായിരുന്ന രഞ്ജിത് സിംഗിനെ വെടിവച്ചു കൊന്ന കേസിലാണ് ശിക്ഷ. കേസിൽ ഇവർ കുറ്റക്കാരാണെന്ന് ഒക്ടോബർ എട്ടിന് കോടതി കണ്ടെത്തിയിരുന്നു. നിലവിൽ പീഡന, കൊലപാതക കേസുകളിൽ ഗുർമിത് ജീവപര്യന്തം ഉൾപ്പെടെ തടവുശിക്ഷ അനുഭവിച്ചുവരികയാണ്.

ഗുർമീതിന് 31 ലക്ഷവും കൂട്ടുപ്രതികളിൽ അബ്‌ദിലിന് ഒന്നരലക്ഷവും ജസ്ബീർ സിംഗ്, കൃഷൻ ലാൽ എന്നിവർക്ക് 1.25 ലക്ഷവും അവ്‌താർ സിംഗിന് 75,000 രൂപയും പിഴ വിധിച്ചിട്ടുണ്ട്. പിഴ സംഖ്യയുടെ പകുതി രഞ്ജിത് സിംഗിന്റെ കുടുംബത്തിന് നൽകണം. മറ്റൊരു പ്രതി ഇന്ദർസിംഗ് വിചാരണയ്ക്കിടെ മരിച്ചിരുന്നു. താൻ നടത്തിയ ക്ഷേമ പ്രവർത്തനങ്ങൾ പരിഗണിച്ച് ശിക്ഷയിൽ ഇളവുനൽകണമെന്ന ഗുർമീതിന്റെ വാദം കോടതി തള്ളി. 2017ൽ മാനഭംഗക്കേസിൽ ഗുർമീതിനെ ശിക്ഷിച്ചതിനുപിന്നാലെ അനുയായികൾ പഞ്ച്‌കുളയിൽ അക്രമം അഴിച്ചുവിട്ടത് കണക്കിലെടുത്ത് കോടതിയിലും പരിസരത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.

കൊലപാതകം

ആശ്രമത്തിൽ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നുണ്ടെന്ന ഊമക്കത്ത് പ്രചരിപ്പിച്ചത് രഞ്ജിത് സിംഗാണെന്നനിഗമനത്തിൽ 2002 ജൂലായ് 10നാണ് ഗുർമീത് കൊലപാതകം ആസൂത്രണം ചെയ്‌ത് നടപ്പാക്കിയത്. രഞ്ജിത്‌ സിംഗിന്റെ മകൻ ജഗ്സീർ സിംഗിന്റെ പരാതിയിൽ സി.ബി.ഐ 2003 ഡിസംബർ മൂന്നിനാണ് കേസെടുത്തത്.

മുൻ ശിക്ഷകൾ

രണ്ടു ശിഷ്യകളെ പീഡിപ്പിച്ച കേസിൽ 20 വർഷം തടവു ശിക്ഷ ലഭിച്ച ഗുർമീത് (53) ഹരിയാനയിലെ സുനേറിയ ജയിലിൽ നിന്ന് വീഡിയോ കോൺഫറൻസ് വഴിയാണ് വിചാരണയ്ക്ക് വിധേയനായത്. ആശ്രമത്തിലെ ദുരൂഹതകൾ സംബന്ധിച്ച വാർത്തനൽകിയതിന് പത്രപ്രവർത്തകനായ രാമചന്ദ്ര ഛത്രപതിയെ കൊലപ്പെടുത്തിയ കേസിൽ 2019 ജനുവരിയിലാണ് ഗുർമീതിനും മറ്റു മൂന്നുപേർക്കും ജീവപര്യന്തം വിധിച്ചത്.