പെരുമഴയെ വെല്ലുന്ന ചോളക്കൊയ്‌ത്ത്

Tuesday 19 October 2021 4:45 AM IST

നെടുമങ്ങാട്: പെരുമഴയെ അതിജീവിച്ച് ആനാട്ടെ തലമുതിർന്ന കർഷകൻ സദാനന്ദൻ ചോളം കൃഷിയിൽ നൂറുമേനി കൊയ്തു. കഴിഞ്ഞ വേനലിൽ ചോളക്കൊയ്‌ത്തിൽ വിജയഗാഥ രചിച്ച ഇദ്ദേഹം മഴക്കാലവും വിളവെടുപ്പിന് അനുയോജ്യമെന്ന് തെളിയിച്ചിരിക്കുകയാണ്. ഇരുപത് സെന്റ് സ്ഥലത്തെ ചോളം കൃഷി പെരുമഴയിൽ നശിക്കുമെന്ന ഘട്ടത്തിലാണ് കൃഷി ഓഫീസർ എസ്. ജയകുമാറിന്റെ മാർഗനിർദേശത്തിൽ വിളവെടുക്കാൻ തീരുമാനിച്ചത്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഷൈലജ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. കൃഷി അസി. മീനാങ്കൽ നിബു പങ്കെടുത്തു.

തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ നടന്ന തോടിന് ആഴംകൂട്ടലും സമീപപുരയിങ്ങളിലെ മഴക്കുഴി നിർമ്മാണവും തെങ്ങിന് തടമെടുപ്പുമാണ് വെള്ളക്കെട്ടിൽ നിന്ന് കൃഷിയെ സംരക്ഷിച്ചതെന്ന് സദാനന്ദൻ പറഞ്ഞു. ചോളം കൃഷി തുടങ്ങിയതോടെ പച്ചക്കറി വിളകളിലെ കീടമകന്നതായും ഇദ്ദേഹം പറയുന്നു.വെണ്ട, വഴുതന, പയർ, പച്ചക്കറി എന്നിവയും സദാനന്ദൻ കൃഷി ചെയ്യുന്നുണ്ട്.

Advertisement
Advertisement