ബി.ജെ.പി ദേശീയ നിർവാഹക സമിതി നവം. 7ന്

Tuesday 19 October 2021 12:48 AM IST

ന്യൂഡൽഹി: ബി.ജെ.പി ദേശീയ നിർവാഹക സമിതി യോഗം നവം. ഏഴിന് ചേരും. ഇന്നലെ ഡൽഹിയിൽ ചേർന്ന ദേശീയ ഭാരവാഹികളുടെ യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. കേരളത്തിൽ നിന്നും സ്ഥിരാംഗങ്ങളായ വി. മുരളീധരനും കുമ്മനം രാജശേഖരനും പ്രത്യേക ക്ഷണിതാക്കളായ പി.കെ. കൃഷണദാസും ഇ. ശ്രീധരനും ഭാരവാഹികളെന്ന നിലയിൽ കെ. സുരേന്ദ്രൻ, എ.പി. അബ്ദുള്ളക്കുട്ടി എന്നിവരും യോഗത്തിൽ പങ്കെടുക്കും.

അടുത്ത വർഷം നടക്കുന്ന അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകളിലെ തന്ത്രങ്ങളെക്കുറിച്ച് ആലോചിക്കാനും 2024ലെ ലോകസഭാ തിരഞ്ഞെടുപ്പിന്റെ പ്രാഥമിക ഒരുക്കം ചർച്ച ചെയ്യാനുമാണ് യോഗം വിളിച്ചത്. ഇന്നലെ ചേർന്ന ഭാരവാഹികളുടെ യോഗത്തിൽ ദേശീയ പ്രസിഡന്റ് ജെ.പി. നദ്ദ അദ്ധ്യക്ഷത വഹിച്ചു. ദേശീയ സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ.സന്തോഷ്, യു.പിയുടെ തിരഞ്ഞെടുപ്പ് ചുമതലയുള്ള ദേശീയ വൈസ് പ്രസിഡന്റ് രാധാ മോഹൻ സിംഗ്, ഉത്തരാഖണ്ഡ്, പഞ്ചാബ് സംസ്ഥാനങ്ങളുടെ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി ദുഷ്യന്ത് ഗൗതം, ഗോവയുടെ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി സി.ടി.രവി എന്നിവർ സംസാരിച്ചു.

Advertisement
Advertisement