വി.എസ് നാളെ 99ലേക്ക്

Tuesday 19 October 2021 12:59 AM IST

തിരുവനന്തപുരം: സി.പി.എമ്മിന്റെ സമുന്നത നേതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന് നാളെ 98 തികയും.

വാർദ്ധക്യസഹജമായ ആരോഗ്യ പ്രശ്നങ്ങളാൽ വി.എസ് ഇപ്പോൾ തിരുവനന്തപുരത്ത് ബാർട്ടൺഹില്ലിൽ മകൻ വി.എ. അരുൺകുമാറിന്റെ വസതിയിൽ വിശ്രമത്തിലാണ്. ജന്മദിനത്തിന് പ്രത്യേകിച്ച് ചടങ്ങുകളൊന്നുമില്ല. കുടുംബാംഗങ്ങൾ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് മാത്രം.

പക്ഷാഘാതത്തിന് ശേഷം പൂർണ ആരോഗ്യസ്ഥിതിയിലേക്ക് വി.എസ് എത്തിയിട്ടില്ല. ദിവസവും രാവിലെ പത്രപാരായണവും അല്പ നേരം ടി.വി കാണലുമുണ്ട്. നടക്കാൻ ആരുടെയെങ്കിലും സഹായം വേണ്ടിവരുന്നുണ്ട്. ഭക്ഷണം കഴിക്കുന്നതിന് ബുദ്ധിമുട്ടില്ല. കൊവിഡ് മഹാമാരിക്ക് ശേഷം സന്ദർശകരെ വീട്ടുകാർ അനുവദിച്ചിട്ടില്ല. അണുബാധയുണ്ടാകാതെ ശ്രദ്ധിക്കാൻ വി.എസിന്റെ ചികിത്സാകാര്യങ്ങൾ നോക്കുന്ന ശ്രീചിത്രയിലെ ഡോക്ടർമാർ പ്രത്യേകം നിർദ്ദേശിച്ചിട്ടുണ്ട്. മന്ത്രിമാരുൾപ്പെടെ പലരും വി.എസിനെ കാണാൻ ആഗ്രഹമറിയിച്ചെങ്കിലും ഡോക്ടർമാരുടെ നിർദ്ദേശം കണക്കിലെടുത്ത് ആരും വരേണ്ടെന്നാണ് അറിയിച്ചത്. മുഖ്യമന്ത്രിയും സി.പി.എം നേതൃത്വവും ഇടയ്ക്കിടെ ബന്ധപ്പെട്ട് സുഖവിവരം തേടുന്നുണ്ട്.