മന്ത്രി റിയാസ് പറഞ്ഞത് ഇടതുപക്ഷ നിലപാട്: ജി. സുധാകരൻ

Tuesday 19 October 2021 12:04 AM IST

ആലപ്പുഴ: കരാറുകാരെയും കൂട്ടി ജനപ്രതിനിധികൾ പൊതുമരാമത്ത് മന്ത്രിയെയും സെക്രട്ടറിയെയും കാണാനെത്തുന്ന രീതി പ്രോത്സാഹിപ്പിക്കരുതെന്ന് മുൻ പൊതുമരാമത്ത് മന്ത്രിയും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായ ജി. സുധാകരൻ പറഞ്ഞു.

മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞത് ഇടതുപക്ഷത്തിന്റെ ശരിയായ നിലപാടാണ്.

ആർക്കെതിരെയും മന്ത്രി വ്യക്തിപരമായ പരാമർശം നടത്തിയിട്ടില്ല. ജനപ്രതിനിധികൾ ആരോപണങ്ങളിൽ വീഴാതിരിക്കാനുള്ള മുൻകരുതലായി ഇതിനെ കണ്ടാൽ മതി. കാര്യങ്ങൾ മനസിലാക്കി പ്രവർത്തിക്കുന്ന മന്ത്രിയെന്ന നിലയിൽ റിയാസിനെ പിന്തുണയ്ക്കേണ്ടതുണ്ട്. കരാറുകാർക്ക് പരാതികളോ, ടെൻഡർ റിവിഷനിൽ, ബുദ്ധിമുട്ടോ ഉണ്ടെങ്കിൽ പൊതുമരാമത്ത് സെക്രട്ടറിക്ക് കത്ത് നൽകുകയോ, നേരിൽ കാണുകയോ ചെയ്യാം. ഇതനുസരിച്ച് മന്ത്രി യോഗം വിളിക്കുന്നതാണ് രീതി. ആ യോഗത്തിൽ എം.എൽ.എ, എം.പി, നഗരസഭ, പഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങിയവരെ പങ്കെടുപ്പിച്ച് വിഷയം ചർച്ച ചെയ്ത് തീരുമാനമെടുക്കും. ആലപ്പുഴ ബൈപ്പാസ് നിർമ്മാണവുമായി ബന്ധപ്പെട്ട് 67 യോഗങ്ങളാണ് വിളിച്ചത്. കുഴപ്പം കാണിക്കുന്ന കരാറുകാർക്ക് പിഴ ചുമത്താം. എൻജിനിയർമാർ തെറ്റ് കാണിച്ചാൽ നടപടിയെടുക്കാം. കുഴപ്പം കാണിച്ച ഒരു കരാർ കമ്പനിയിൽ നിന്ന് അഞ്ചു കോടി രൂപ പിഴ ഈടാക്കിയിരുന്നു- ജി. സുധാകരൻ പറഞ്ഞു.

Advertisement
Advertisement