പന്തളം കരിമ്പ് വിത്ത് ഉത്പാദന കേന്ദ്രത്തിന് 60 ലക്ഷം നഷ്ടം

Monday 18 October 2021 11:29 PM IST
പന്തളം കടയ്ക്കാട് കരിമ്പ് വിത്ത് ഉത്പാദന കേന്ദ്രം വെള്ളം കയറി 60 ലക്ഷം രൂപയുടെ നഷ്ടം.


പന്തളം : പന്തളം കടയ്ക്കാട് കരിമ്പുവിത്ത് ഉത്പാദന കേന്ദ്രത്തിൽ വെള്ളം കയറി 60 ലക്ഷം രൂപയുടെ നഷ്ടം. പതിമൂന്ന് ഏക്കർ കരിമ്പ്, 2000 തെങ്ങിൻ തൈ, 7800 കുരുമുളക് വള്ളി, 35,000 വിവിധയിനം പച്ചക്കറിതൈകൾ, ബഡ് പ്ലാവ് 3750, തുടങ്ങി നിരവധി കാർഷിക വിളകൾക്കാണ് നശിച്ചത്. ഒരു കോടി ഫല വൃക്ഷങ്ങൾ നൽകുന്നതിന് വേണ്ടി പാകി കിളിപ്പിച്ചവയാണ് ഇവ. ഇക്കൊല്ലം തന്നെ ഇത് രണ്ടാം തവണയാണ് വെള്ളം കയറിയത്. പന്തളം ശർക്കര നിർമ്മിക്കുന്ന യൂണിറ്റിലും വെള്ളം കയറി, ഇവിടെ ഉണ്ടായിരുന്ന ട്രാക്ടറടക്കമുള്ള 6 വാഹനങ്ങളും 29 പശുക്കളെയും, 27 ആടുകളെയും ഞായറാഴ്ച വൈകുന്നേരത്തോടെ പന്തളം എൻ.എസ്.എസ് കോളേജ് ഗ്രൗണ്ടിലേക്ക് മാറ്റി, അടിക്കടി ഉണ്ടാകുന്ന വെളളപ്പൊക്കം കാരണം 2018 മുതൽ വലിയ നഷ്ടമാണ് ഇവിടെ ഉണ്ടാകുന്നത്. 5 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത് . പ്രതിസന്ധികൾക്കിടയിലും 2020-21 സാമ്പത്തിക വർഷം ഒരു കോടി 22 ലക്ഷം രൂപയുടെ വരുമാനം ഉണ്ടാക്കാൻ കഴിഞ്ഞു. ഇത്തവണ 2 കോടിയിൽ എത്തിക്കുന്നതിനുള്ള പരിശ്രമത്തിലായിരുന്നെന്ന് കൃഷി ഓഫീസർ വിമൽ കുമാർ പറഞ്ഞു

മന്ത്രിമാരെത്തി

പ്രളയക്കെടുതികൾ നേരിട്ടറിയാൻ മന്ത്രിമാരായ കെ. രാജൻ, വീണാ ജോർജ്, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ എന്നിവർ പന്തളത്തെത്തി. ദുരിതമഴയിൽ ജില്ലയിൽ ഏറ്റവുമധികം കെടുതികൾ നേരിട്ട പ്രദേശങ്ങളിൽ ഒന്നാണ് പന്തളം. കടക്കാട്, മുടിയൂർകോണം, ചേരിക്കൽ ഭാഗങ്ങളിലായി അമ്പതോളം വീടുകളിൽ വെള്ളം കയറി. ഇവിടെയുള്ളവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കും ബന്ധുവീടുകളിലേക്കും മാറ്റി. പന്തളം ടൗണിലെത്തിയ മന്ത്രിമാർ ജനങ്ങളോടും ഉദ്യോഗസ്ഥരോടും സ്ഥിതിഗതികൾ അന്വേഷിച്ചു. രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് നിർദ്ദേശം നൽകി.

ആളുകളെ മാറ്രി

പന്തളം ഏഴാം വാർഡിൽ വെള്ളം കയറിയ സ്ഥലത്തുനിന്ന് ആളുകളെ ഡിങ്കി ഉപയോഗിച്ച് സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ വിനോദ് കുമാറിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ഓഫീസർ കെ. ജി. രവീന്ദ്രൻ, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ രഞ്ചിത്ത്, അനീഷ്, കൃഷ്ണകുമാർ, സന്തോഷ്, സാനിഷ്, വിപിൻ, ശ്രീജിത്ത്, മനോജ്, സുരേഷ് കുമാർ, അജയകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.

Advertisement
Advertisement