കാശ്മീരിലെ അശാന്തി: അടിയന്തര യോഗം വിളിച്ച് അമിത് ഷാ

Tuesday 19 October 2021 12:00 AM IST

ന്യൂഡൽഹി: അന്യ സംസ്ഥാനക്കാരെ പ്രത്യേകം ലക്ഷ്യമിട്ട് പാകിസ്ഥാൻ പിന്തുണയോടെ ഭീകരർ ജമ്മു കാശ്മീരിൽ അശാന്തി പടർത്താൻ നടത്തുന്ന ശ്രമങ്ങൾക്കിടെ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിദ്ധ്യത്തിൽ ഇന്നലെ ഉന്നതതല സുരക്ഷാ യോഗം ചേർന്നു.അതിർത്തി കടന്നുള്ള ഭീകരാക്രമണം തടയാൻ വേണ്ടി വന്നാൽ പാക് അതിർത്തിയിൽ വീണ്ടുമൊരു സർജിക്കൽ ആക്രമണത്തിന് മടിക്കില്ലെന്ന അമിത് ഷായുടെ പ്രസ്‌താവനയുടെ പശ്ചാത്തലത്തിലാണ് യോഗം.

സുരക്ഷാ ഏജൻസി മേധാവികൾ, അർദ്ധ സൈനിക വിഭാഗം ഉദ്യോഗസ്ഥർ, പൊലീസ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്ത യോഗത്തിൽ ആഭ്യന്തര സുരക്ഷയായിരുന്നു മുഖ്യ അജൻഡ. കേന്ദ്ര സർക്കാർ ജമ്മു കാശ്മീരിൽ നടപ്പാക്കുന്ന പരിഷ്കാരങ്ങൾക്ക് തടയിടാൻ ഭീകരർ ബീഹാർ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികളെ ലക്ഷ്യമിടുന്നത് യോഗം ചർച്ച ചെയ്‌തു. ഭയചകിതരായ അന്യ സംസ്ഥാന തൊഴിലാളികൾ ജമ്മു കാശ്മീരിൽ നിന്ന് പാലായനം തുടങ്ങിയ സാഹചര്യത്തിൽ അടിയന്തര നടപടി കൈക്കൊള്ളാൻ അമിത് ഷാ നിർദ്ദേശിച്ചു

അന്യ സംസ്ഥാനക്കാരും നാട്ടുകാരുമടക്കം 11 പേരാണ് കഴിഞ്ഞ ദിവസങ്ങളിൽ കൊല്ലപ്പെട്ടത്. ഭീകരരെ അമർച്ച ചെയ്യാനുള്ള ശ്രമത്തിനിടെ മലയാളി വൈശാഖ് അടക്കം 9 സൈനികരും വീരമൃത്യു വരിച്ചു.

അതിനിടെ, കരസേനാ മേധാവി ജനറൽ എം.എം. നരാവനെ സുരക്ഷാ സന്നാഹങ്ങൾ വിശകലനം ചെയ്യാൻ ജമ്മുവിലെത്തി. അതിർത്തിയിലെ സേനാ വിന്ന്യാസം ഉൾപ്പെടെ അദ്ദേഹം വിലയിരുത്തും.

Advertisement
Advertisement