നിയമസഭാസമ്മേളനം ഈയാഴ്ച ഒഴിവാക്കാനിട

Tuesday 19 October 2021 12:32 AM IST

തിരുവനന്തപുരം: കനത്ത പേമാരിയെയും ഉരുൾപൊട്ടലിനെയും തുടർന്നുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മന്ത്രിമാരും എം.എൽ.എമാരും ഏർപ്പെട്ടിരിക്കുന്നതിനാൽ നിയമസഭാ സമ്മേളനം ഈയാഴ്ച ഒഴിവാക്കിയേക്കും.

നാളെ സഭ പുനരാരംഭിക്കുമ്പോൾ, സമ്മേളനം മൂന്ന് ദിവസത്തേക്ക് നിറുത്തിവയ്ക്കുന്നതായി അറിയിച്ചുള്ള പ്രമേയം മുഖ്യമന്ത്രി അവതരിപ്പിച്ച ശേഷം പിരിയാനാണ് സാദ്ധ്യത. പ്രതിപക്ഷ നേതൃത്വവുമായി സർക്കാർ ആശയവിനിമയം നടത്തിയിട്ടുണ്ട്.

അങ്ങനെയെങ്കിൽ 25 മുതലാവും സഭ വീണ്ടും ചേരുക. അടുത്ത മൂന്ന് ദിവസം പരിഗണിക്കേണ്ട ബില്ലുകൾ അവശേഷിക്കുന്ന സമ്മേളന ദിവസങ്ങളിൽ അധിക അജൻഡയായി ഉൾപ്പെടുത്തേണ്ടി വരും. അല്ലെങ്കിൽ, സമ്മേളന ദിവസം നീട്ടണം. കാര്യോപദേശകസമിതി അന്തിമതീരുമാനമെടുക്കും.

അതേസമയം, സഭാസമ്മേളനം പുനരാരംഭിക്കുമ്പോൾ ദുരന്തമേഖലയിലെ രക്ഷാപ്രവർത്തനത്തിലെ വീഴ്ചകൾ കാട്ടി സർക്കാരിനെതിരെ ആഞ്ഞടിക്കാൻ പ്രതിപക്ഷം ആലോചിക്കുന്നുണ്ട്. ഉരുൾപൊട്ടലുണ്ടായ ഇടുക്കി കൊക്കയാറിൽ രക്ഷാപ്രവർത്തനം വൈകിയെന്ന ആക്ഷേപം ശക്തമാണ്. കാലാവസ്ഥാഭീഷണി സംബന്ധിച്ച മുന്നറിയിപ്പും യഥാസമയം നൽകിയില്ലെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. എന്നാൽ, കാലാവസ്ഥാമുന്നറിയിപ്പ് കൃത്യമായി നൽകുന്നതിൽ വീഴ്ച വരുത്തിയത് കേന്ദ്ര കാലാവസ്ഥാവകുപ്പാണെന്നും രക്ഷാ പ്രവർത്തനത്തിലുൾപ്പെടെ വീഴ്ചയുണ്ടായിട്ടില്ലെന്നുമാണ് സർക്കാരിന്റെ നിലപാട്.

Advertisement
Advertisement