പെരിയ ഇരട്ടക്കൊല:  മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്തു 

Tuesday 19 October 2021 12:38 AM IST

കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസുമായി ബന്ധപ്പെട്ട് മന്ത്രി എം.വി. ഗോവിന്ദന്റെ പ്രൈവറ്റ് സെക്രട്ടറിയും സി.പി.എം കാസർകോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ഡോ. വി.പി.പി മുസ്തഫയെ സി.ബി.ഐ ചോദ്യംചെയ്തു. കാസർകോട് റസ്റ്റ് ഹൗസിലുള്ള സി.ബി.ഐ ക്യാമ്പ് ഓഫീസിലായിരുന്നു ഇന്നലെ വൈകിട്ട് മൂന്നിന് തുടങ്ങി ഒരുമണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ. ഡിവൈ.എസ്.പി അനന്തകൃഷ്ണൻ നേതൃത്വം നൽകി.

രാവിലെ 11ന് ഹാജരാകാനായിരുന്നു മുസ്തഫയോട് ആവശ്യപ്പെട്ടിരുന്നതെങ്കിലും ഉച്ചയ്ക്ക് ശേഷമാണ് എത്തിയത്.

കേസ് ആദ്യം അന്വേഷിച്ച ക്രൈംബ്രാഞ്ചും മുസ്തഫയെ ചോദ്യംചെയ്തിരുന്നു. പെരിയ കല്ല്യോട്ട് നടന്ന യോഗത്തിൽ മുസ്തഫ നടത്തിയ പ്രകോപനപരമായ പ്രസംഗവുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ. മുസ്തഫയുടേത് കൊലവിളി പ്രസംഗമായിരുന്നു എന്നാണ് കോൺഗ്രസിന്റെ ആരോപണം. എന്നാൽ മുസ്തഫ ഇക്കാര്യം നേരത്തെ നിഷേധിച്ചിരുന്നു. കൊലപാതകവും പ്രസംഗവും തമ്മിൽ യാതൊരു ബന്ധവും ഇല്ലെന്നായിരുന്നു മുസ്തഫ പറഞ്ഞിരുന്നത്. കഴിഞ്ഞയാഴ്ച കാഞ്ഞങ്ങാട് നഗരസഭ മുൻ അദ്ധ്യക്ഷനും സി.പി.എം നേതാവുമായ വി.വി. രമേശനെയും ചില അഭിഭാഷകരെയും അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു.