പി.എസ്.സി എന്ന കണ്ണാടി

Tuesday 19 October 2021 12:00 AM IST

കേരളത്തിന്റെ ദീർഘനാളത്തെ സ്വപ്നമാണ് കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (കെ.എ.എസ്) റാങ്ക് പട്ടികയായി അടുത്തിടെ പൂർണത നേടിയത്. ഇത് സാക്ഷാത്കരിച്ച കേരള പബ്ലിക് സർവീസ് കമ്മിഷൻ സ്വന്തം ചരിത്രത്തിൽ നിറപ്പകിട്ടുള്ളൊരു ഏടാണ് രചിച്ചത്. സംസ്ഥാനത്തെ സുപ്രധാനമായ 105 ഔദ്യോഗിക പദവികളിലേക്ക് മെരിറ്റും സാമൂഹിക നീതിയും ഒരേസമയം പരിഗണിച്ച് ഏറ്റവും സമർത്ഥരായവരെ കണ്ടെത്തി നൽകുന്നതിൽ നിർണായക ഘട്ടം പിന്നിട്ടിരിക്കുകയാണ് കേരള പി.എസ്.സി.
തൊഴിലന്വേഷകരായ ലക്ഷക്കണക്കിന് യുവജനങ്ങളുടെ പ്രതീക്ഷയായ സ്ഥാപനത്തെ കഥയറിയാതെ കടന്നാക്രമിക്കാൻ വെമ്പൽ കൊള്ളുന്നവർ നിരവധിയുണ്ട്.

രൂപീകൃതമായത് മുതൽ പി.എസ്.സി ഭരണഘടനയോടും ചട്ടങ്ങളോടും നിയമങ്ങളോടും പുലർത്തുന്ന പ്രതിബദ്ധത ആഴമേറിയതാണ്. ചെയർമാനും 20 അംഗങ്ങളും 1200 ലധികം ജീവനക്കാരും ആസ്ഥാന ഓഫീസും 14 ജില്ലാ ഓഫീസുകളും മൂന്ന് മേഖലാ ഓഫീസുകളുമുള്ള മഹാപ്രസ്ഥാനമായി വളർന്നതിനിടെ, ലക്ഷക്കണക്കിന് ഉദ്യോഗസ്ഥരെയാണ് പി.എസ്.എസി സർക്കാർ ഓഫീസുകൾക്ക് നൽകിയത്. അതുകൊണ്ട് തന്നെയാണ് പി.എസ്.സി കേരളത്തിലെ പൊതുസമൂഹത്തിന് നേരെപിടിച്ച കണ്ണാടിയാവുന്നതും.

തിരുവിതാംകൂറിൽ സർക്കാർ സർവീസിലേക്കുള്ള നിയമനങ്ങൾക്കായി 1935 ൽ പബ്ലിക് സർവീസ് കമ്മിഷണർ എന്ന തസ്തിക സൃഷ്ടിച്ച് ഹൈക്കോടതി ജഡ്ജി ആയിരുന്ന ജി.ഡി.ഹോക്സിനെ നിയമിച്ചത് നിവർത്തന പ്രക്ഷോഭത്തിന്റെ തുടർച്ചയായാണ്. ഈഴവ-ക്രിസ്ത്യൻ-മുസ്ലീം വിഭാഗങ്ങൾക്ക് സർക്കാർ നിയമനങ്ങളിലും നിയമനിർമ്മാണ സഭയിലും മതിയായ പ്രാതിനിധ്യം കിട്ടുന്നില്ലെന്ന പരാതിയാണ് 1932 ൽ നിവർത്തന പ്രക്ഷോഭത്തിന് ഹേതുവായത്. സി.കേശവൻ, എൻ.വി.ജോസഫ്, പി.കെ.കുഞ്ഞ് എന്നീ മഹാരഥൻമാരുടെ നേതൃത്വത്തിൽ രൂപീകരിച്ച 'ജോയിന്റ് പൊളിറ്റക്കൽ കോൺഫറൻസ് ' എന്ന സംഘടനയായിരുന്നു സമരം നയിച്ചത്. ഈ സമരത്തിലൂടെയാണ് സർക്കാർ സർവീസിൽ പിന്നാക്കവിഭാഗങ്ങൾക്കുള്ള വാതിലുകൾ തുറക്കപ്പെട്ടത്. തിരു-കൊച്ചി സംസ്ഥാന രൂപീകരണം വരെ ഈ സംവിധാനം തുടർന്നു.1949 ജൂലായ് ഒന്നിന് തിരു-കൊച്ചി സംസ്ഥാനം രൂപംകൊണ്ടപ്പോൾ ഓർഡിനൻസ് വഴി തിരു-കൊച്ചി പബ്ലിക് സർവീസ് കമ്മിഷൻ നിലവിൽവന്നു. 1950 ജനുവരി 26 ന് ഇൻഡ്യൻ ഭരണഘടന നിലവിൽ വന്നതോടെ തിരു-കൊച്ചി പബ്ലിക് സർവീസ് കമ്മിഷൻ ഭരണഘടനാ സ്ഥാപനമായി.
1956 നവംബർ ഒന്നിന് ഐക്യകേരളം രൂപീകരിക്കപ്പെട്ടതോടെ കേരള പബ്ലിക് സർവീസ് കമ്മിഷൻ നിലവിൽ വന്നു. മൂന്നംഗ കമ്മിഷന്റെ അദ്ധ്യക്ഷൻ പരിണിതപ്രജ്ഞനും ശ്രീമൂലംസഭാ ഉപനേതാവുമായിരുന്ന വി.കെ.വേലായുധൻ ആയിരുന്നു.

രാജ്യത്തെ ഏത് പബ്ലിക് സർവീസ് കമ്മിഷനുകളെയും അപേക്ഷിച്ച് കേരള പി.എസ്.സി, ഏറ്റെടുത്തിരിക്കുന്ന ജോലി ഭാരത്തിന്റെയും നിറവേറ്റുന്ന ചുമതലകളുടെയും കാര്യത്തിൽ ഏറെ മുന്നിലാണ് . മഹാമാരിയുടെ കനത്ത വെല്ലുവിളികളെ അതിജീവിച്ച് 2020 ഫെബുവരി മുതൽ ഈ വർഷം ആഗസ്റ്റ് 31 വരെ 49444 നിയമന ശുപാർശകൾ അയച്ചു. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവരിൽ നിന്നുള്ള 25000 ലധികം ഉദ്യോഗാർത്ഥികളുമായി പ്രതിവർഷം കൂടിക്കാഴ്ച നടത്തുന്നുണ്ട്.

സർക്കാരും പി.എസ്.സിയും

കെ.എ.എസിനു പുറമെ ഭിന്നലിംഗക്കാരുടെ നിയമനം, ഭിന്നശേഷി ഉദ്യോഗാർത്ഥികൾക്കുള്ള നാല് ശതമാനം സംവരണം നടപ്പാക്കൽ, വനത്തിലും വനാതിർത്തികളിലും കഴിയുന്ന ഗോത്രവിഭാഗം യുവജനങ്ങൾക്കായി പൊലീസ്, എക്‌സൈസ് സേനകളിലേക്ക് പ്രത്യേക തിരഞ്ഞെടുപ്പ് തുടങ്ങി കേരള പി.എസ്.സിയുടെ സാമൂഹിക പ്രതിബദ്ധതയ്‌ക്ക് അടിവരയിട്ട സമീപകാല അനുഭവങ്ങൾ നിരവധി. സർക്കാർ ജീവനക്കാരുടെ ഗസറ്റഡ് തസ്തികയിലേക്കും അതിന് മുകളിലേക്കുമുള്ള പ്രമോഷന് അന്തിമ തീരുമാനമെടുക്കുന്നത് പി.എസ്.സി അംഗം ചെയർമാനായുള്ള ഡിപ്പാർട്ട്‌മെന്റൽ പ്രമോഷൻ കമ്മിറ്റിയാണ്. നിയമനച്ചട്ടങ്ങളിൽ സർക്കാരിന് ഉപദേശം നൽകേണ്ട ചുമതലയും പബ്ലിക് സർവീസ് കമ്മിഷനാണ്. നിയമിക്കപ്പെടേണ്ടവരുടെ യോഗ്യത സംബന്ധിച്ച സർക്കാരിന്റെ നിർദ്ദേശങ്ങൾക്ക് അന്തിമരൂപം കൈവരുന്നത് പി.എസ്.സിയുടെ ഉപദേശം ലഭിച്ച ശേഷമാണ്. പി.എസ്.സിയുടെ ഉപദേശം തേടിയശേഷമേ ജീവനക്കാർക്കെതിരെയുള്ള അച്ചടക്ക നടപടികളിൽ സർക്കാർ അന്തിമ തീരുമാനം കൈക്കൊള്ളൂ. 2018 ൽ 158 ഉം 2019 ൽ 241 ഉം 2020 ൽ 87 ഉം സർക്കാർ അച്ചടക്ക നടപടി ഫയലുകളിൻമേൽ പി.എസ്.സി ഉപദേശം നൽകി. സിവിൽ സർവീസുകാർ മുതൽ സ്റ്റേറ്റ് സബോർഡിനേറ്റ് സർവീസ് ജീവനക്കാർ വരെയുള്ളവരുടെ വിവിധ വകുപ്പുതല പരീക്ഷകൾ നടത്തി സർട്ടിഫിക്കറ്റ് നൽകുന്ന ഭാരിച്ച ജോലിയും പി.എസ്.സിയുടേതാണ്. അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന കേന്ദ്ര സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ മലയാളഭാഷാ പരിജ്ഞാനം പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതും പി.എസ്.സിയാണ്.

കേരള പി.എസ്.സിയുടെ ബഹുതല സ്പർശിയായ പ്രവർത്തനം പഠന വിധേയമാക്കാൻ ഇതര പി.എസ്.സികൾ മുന്നോട്ട് വരുന്നെന്ന അഭിമാനകരമായ വസ്തുതയും അറിയണം. കേരളാ പി.എസ്.എസിയിൽ അംഗങ്ങളുടെ എണ്ണം കൂടുതലാണെന്ന വാദം കൊഴുക്കുന്നത് ഇതര സംസ്ഥാന പി.എസ്.സികളിലെ അംഗസംഖ്യയുമായി താരതമ്യപ്പെടുത്തിയാണ് . പി.എസ്.സിയെ കൂടാതെ അരഡസനും അതിലധികവും റിക്രൂട്ട്‌മെന്റ് ഏജൻസികളുള്ള സംസ്ഥാനങ്ങളിലെ പി.എസ്.സികളെയും കേരള പി.എസ്.സിയെയും താരതമ്യം ചെയ്ത് പൊള്ളയായ നിഗമനങ്ങളിലെത്തുന്നത് വസ്‌തുതകൾ മനസിലാക്കാതെയാണ്.

( ലേഖകൻ കേരള പബ്ലിക് സർവീസ് കമ്മിഷൻ അംഗമാണ് )

Advertisement
Advertisement