അപ്പർകുട്ടനാട്ടിലും ദുരിതം

Monday 18 October 2021 11:54 PM IST

ഹരിപ്പാട്: ജലനിരപ്പ് ഉയർന്നതോടെ അപ്പർകുട്ടനാട്ടിലും തീരദേശത്തും ജനജീവിതം ദുസഹമായി. പമ്പ, അച്ചൻകോവിൽ ആറുകൾ നിറഞ്ഞത് ആശങ്ക വർദ്ധിപ്പിക്കുന്നു. ചെറുതന പാണ്ടി പോച്ച പ്രദേശങ്ങളും ചെറുതനയിലും വീയപുരത്തും താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി.

ചെറുതന ആനാരി വടക്ക് പാണ്ടി, ചങ്ങാരപ്പള്ളിച്ചിറ, അച്ചനാരി, കുട്ടങ്കേരി, കാഞ്ഞിരംതുരുത്ത് തുടങ്ങിയ പ്രദേശങ്ങളും വീയപുരത്തെ മേൽപ്പാടം തുരുത്തേൽ പ്രദേശങ്ങളുമാണ് വെള്ളത്തിനടിയിലായത്. ചെറുതനയിൽ പുത്തൻ തുരുത്ത് മുതൽ ചെങ്ങാരപ്പള്ളിച്ചിറ വരെയുള്ള ഭാഗങ്ങളിൽ റോഡുകൾ വെള്ളത്തിലാണ്. പ്രദേശത്തെ വീടുകളും ഭീഷണി നേരിടുകയാണ്. വീയപുരം പഞ്ചായത്തിലെ തുരുത്തേൽ കടവിലെ 50 ലധികം വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. പള്ളിപ്പാട് പഞ്ചായത്തിലെ കിഴക്കൻ മേഖലയിൽ പലയിടങ്ങളിലും വെള്ളം കയറി. ഇതുമൂലം റോഡുകളിൽ ഗതാഗത തടസം നേരിട്ടു. വെള്ളക്കെട്ടുണ്ടായ ഭാഗം രമേശ് ചെന്നിത്തല എം.എൽ.എ സന്ദർശിച്ചു. സ്ഥിതിഗതികൾ നേരിടാൻ റവന്യു- പഞ്ചായത്ത് വകുപ്പുകൾ സജ്ജരാണ്.

Advertisement
Advertisement