ഇസ്രയേലുമായി ഇന്ത്യക്കുള്ളത് പൊക്കിൾക്കൊടി ബന്ധം : എസ്.ജയശങ്കർ
Tuesday 19 October 2021 1:57 AM IST
ടെൽ അവീവ്: ഇസ്രയേലും ഇന്ത്യൻ സമൂഹവും തമ്മിലുള്ള ആത്മബന്ധം പൊക്കിൾക്കൊടി ബന്ധത്തിന് സമാനമാണെന്ന് വിശേഷിപ്പിച്ച് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. ഇസ്രയേലിലെ ഇന്ത്യൻ ജൂതവംശജരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലുണ്ടായിരുന്ന ജൂതവംശജർ ഇന്ത്യൻ സംസ്കാരവുമായി ഇഴുകി ചേരുകയും ഇസ്രയേലിലേക്ക് തിരിച്ചു വന്നപ്പോഴും അവയെ തങ്ങളുടെ ജീവിത ശൈലിയുടെ ഭാഗമാക്കുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. വിവാഹ വിഷയങ്ങളിൽ ഇന്ത്യൻ ആചാരങ്ങൾ പിന്തുടരുന്ന ബേനേ ഇസ്രയേൽ വംശജരെ ജയശങ്കർ പ്രത്യേകം പരാമർശിച്ചു. ഇന്ത്യയിൽ തലമുറകളായി താമസിക്കുന്ന ജൂതകുടുംബങ്ങൾ ഇന്ത്യയ്ക്ക് നല്കുന്ന സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്നും അവരെ ഒരിക്കലും വേർതിരിച്ചു കാണുന്നില്ലെന്നും അവർ ഞങ്ങളിലൊരാളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.