മുൻ യു.എസ് സ്റ്റേറ്റ് സെക്രട്ടറി കോളിൻ പവൽ കൊവിഡ് ബാധിച്ച് മരിച്ചു
വാഷിംഗ്ടൺ: മുൻ യു.എസ് സ്റ്റേറ്റ് സെക്രട്ടറി കോളിൻ പവൽ (84) കൊവിഡ് ബാധിച്ച് മരിച്ചു. അമേരിക്കൻ ചരിത്രത്തിൽ സ്റ്റേറ്റ് സെക്രട്ടറി പദവിയിലെത്തുന്ന ആദ്യ ആഫ്രിക്കൻ അമേരിക്കൻ വംശജനായിരുന്നു പവൽ. അദ്ദേഹത്തിന്റെ കുടുംബമാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ മരണവാർത്ത പുറത്തു വിട്ടത്.
'പവൽ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചിരുന്നു. അദ്ദേഹത്തെ പരിചരിച്ച വാൾട്ടർ റീഡ് നാഷണൽ മെഡിക്കൽ സെന്ററിലെ ഡോക്ടർമാർക്കും മറ്റു ജീവനക്കാർക്കും നന്ദി രേഖപ്പെടുത്തുന്നു. സ്നേഹ സമ്പന്നനായ പിതാവിനെയും മുത്തച്ഛനെയും ഭർത്താവിനെയും അതിനെല്ലാമുപരി മഹാനായ ഒരു അമേരിക്കക്കാരനെയാണ് ഞങ്ങൾക്ക് നഷ്ടമായിരിക്കുന്നതെന്ന് പവലിന്റെ കുടുംബം അറിയിപ്പിൽ പറഞ്ഞു.
1958ൽ ബിരുദ പഠനത്തിന് ശേഷം അമേരിക്കൻ സൈന്യത്തിൽ ചേർന്ന അദ്ദേഹം നീണ്ട 35 വർഷം രാജ്യത്തിനായി സമർപ്പിച്ചു. റൊണാൾഡ് റീഗൻ യു.എസ് പ്രസിഡന്റായിരുന്ന കാലത്ത് ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്നു പവൽ. 1989 ൽ എച്ച്.ഡബ്ല്യു ബുഷ് പ്രസിഡന്റായ കാലത്ത് ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയർമാൻ പദവി വഹിച്ചു. ജോർജ് ബുഷ് പ്രസിഡന്റായപ്പോൾ 2011ൽ അദ്ദേഹം യു.എസ് സ്റ്റേറ്റ് സെക്രട്ടറിയായി നിയമിതനായി. യു.എസിന്റെ ഇറാഖ്, അഫ്ഗാൻ അധിനിവേശ സൈനിക നടപടികളിൽ അദ്ദേഹം സുപ്രധാന പങ്ക് വഹിച്ചിരുന്നു.