പ്രളയ ദുരിതാശ്വാസവുമായി മിൽമ തിരുവനന്തപുരം യൂണിയൻ

Tuesday 19 October 2021 4:20 AM IST

തിരുവനന്തപുരം:പ്രളയ ദുരിതം നേരിടുന്ന തിരുവനന്തപുരം മേഖല യൂണിയനിലെ കർഷകർക്കുളള ദുരിതാശ്വാസ സഹായങ്ങൾ പ്രഖ്യാപിച്ചു.തിരുവനന്തപുരം മേഖലാ യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അടിയന്തര യോഗം ചേർന്നാണ് ദുരിതാശ്വാസ പദ്ധതികൾ തീരുമാനിച്ചത്. ഒരു കോടി രൂപയാണ് അടിയന്തര ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വകയിരുത്തിയത്. കൂടുതൽ പദ്ധതികൾ ദുരിതബാധിത സംഘങ്ങൾ സന്ദർശിച്ച് സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം പ്രഖ്യാപിക്കുമെന്ന് തിരുവനന്തപുരം യൂണിയൻ കൺവീനർ എൻ.ഭാസുരാംഗൻ അറിയിച്ചു.
അടിക്കടി ഉണ്ടാകുന്ന പ്രകൃതിക്ഷോഭ ദുരന്തങ്ങൾ പരിഗണിച്ച് പത്തനംതിട്ട,ആലപ്പുഴ ജില്ലകളെ സംരക്ഷിത ക്ഷീരമേഖലയായി പ്രഖ്യാപിച്ച് പ്രത്യേക പാക്കേജ് നടപ്പിലാക്കുന്നതിന് സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണമെന്ന് എൻ.ഭാസുരാംഗൻ ആവശ്യപ്പെട്ടു.ഇതിന് തിരുവനന്തപുരം യൂണിയന്റെ എല്ലാ സഹായ സഹകരണങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തു.

മിൽമ പ്രഖ്യാപിച്ച ദുരിതാശ്വാസ പദ്ധതികൾ
പ്രളയദുരിത ബാധിതരായ ക്ഷീരകർഷകരുടെ കന്നുകാലികൾക്ക് സൗജന്യ കാലിത്തീറ്റ.
 മരണപ്പെട്ട ക്ഷീരകർഷകരുടെ അനന്തരാവകാശികൾക്ക് 25,000 രൂപ ധനസഹായം.
പ്രളയബാധിത പ്രദേശങ്ങളിൽ 15 ദിവസത്തേക്ക് സൗജന്യ മൃഗ ചികിത്സാ സൗകര്യം.
 ക്ഷീരസംഘങ്ങൾ കേന്ദ്രീകരിച്ച് മൃഗ ചികിത്സാ ക്യാമ്പുകൾ
പാൽ സംഭരണം മുടങ്ങിയ ക്ഷീരസംഘങ്ങളിലെ കർഷകർക്ക് നഷ്ടപരിഹാരം.
കന്നുകാലികളെ നഷ്ടപ്പെട്ടവർക്ക് 25,000 രൂപ വരെ നഷ്ടപരിഹാരം.
കാലിത്തൊഴുത്തുകൾ പുനർനിർമ്മിക്കുന്നതിന് 20,000 രൂപ വരെ

 കേടുപാടുകൾ നേരിട്ട സംഘം കെട്ടിടങ്ങളുടെ അടിയന്തര അറ്റകുറ്റപ്പണികൾക്കായി 10,000 രൂപ
മിൽമയുടെ സംഭരണ വാഹനങ്ങൾ എത്തിച്ചേരാൻ കഴിയാത്ത സംഘങ്ങൾക്ക് ട്രാൻസ്‌പോർട്ടേഷൻ ചാർജ്ജ്

Advertisement
Advertisement