നവജാത ശിശുവിനെ അമ്മയിൽ നിന്ന് വേർപിരിച്ച സംഭവം; യുവതിയുടെ ബന്ധുക്കൾക്കെതിരെ പൊലീസ് കേസെടുത്തു

Tuesday 19 October 2021 9:06 AM IST

തിരുവനന്തപുരം: നവജാത ശിശുവിനെ അമ്മയിൽ നിന്ന് വേർപിരിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. തിരുവനന്തപുരം സ്വദേശിനി അനുപമയുടെ പരാതിയിലാണ് നടപടി.അനുപമയുടെ അച്ഛനും സിപിഎം നേതാവുമായ ജയചന്ദ്രൻ, അമ്മ,സഹോദരി, സഹോദരീ ഭർത്താവ്, ജയചന്ദ്രന്റെ രണ്ട് സുഹൃത്തുക്കൾ എന്നിവർക്കെതിരെയാണ് കേസെടുത്തത്.

സംഭവം വിവാദമായതിന് പിന്നാലെയാണ് നടപടി. പരാതി നൽകി ആറ് മാസത്തിന് ശേഷമാണ് പൊലീസ് കേസെടുത്തത്. കഴിഞ്ഞ് ഏപ്രിൽ 19 ന് കുഞ്ഞിനെ തന്റെ ബന്ധുക്കൾ എടുത്തുകൊണ്ടുപോയെന്ന് കാണിച്ച് അനുപമ പേരൂർക്കട പൊലീസിൽ പരാതി നൽകിയത്. എന്നാൽ കേസെടുക്കാൻ പൊലീസ് തയ്യാറായില്ലെന്ന് യുവതി ആരോപിച്ചിരുന്നു.


ദുരഭിമാനത്തെ തുടര്‍ന്നാണ് കുഞ്ഞിനെ ബന്ധുക്കൾ കൊണ്ടുപോയതെന്നാണ് അനുപമയുടെ ആരോപണം. കഴിഞ്ഞ വർഷം ഒക്ടോബർ 19നാണ് അനുപമ ആൺകുഞ്ഞിന് ജന്മം നൽകിയത്.പ്രസവിച്ച് മൂന്നാം ദിവസമാണ് രക്ഷിതാക്കള്‍ കുഞ്ഞിനെ കൊണ്ടുപോയത്.സഹോദരിയുടെ വിവാഹം കഴിഞ്ഞ് കുട്ടിയെ തിരിച്ചേൽപിക്കാം എന്ന് അച്ഛനും അമ്മയും പറഞ്ഞിരുന്നു. സഹോദരിയുടെ വിവാഹം കഴിഞ്ഞ് രണ്ട് മാസം പിന്നിട്ടിട്ടും കുട്ടിയെ കിട്ടില്ലെന്നായപ്പോള്‍ അനുപമ വീടുവിട്ടിറങ്ങി, കുട്ടിയുടെ പിതാവായ അജിത്തിനൊപ്പം താമസം തുടങ്ങിയിരുന്നു.