അതിർത്തിയോട് ചേർന്ന് ചൈന ഗ്രാമങ്ങൾ നിർമ്മിക്കുന്നത് ഒരു വൻ തന്ത്രത്തിന്റെ ഭാഗം, കരുതിയിരിക്കണമെന്ന് ലഫ്നന്റ് ജനറലിന്റെ മുന്നറിയിപ്പ്

Tuesday 19 October 2021 12:32 PM IST

ന്യൂഡൽഹി: ഇന്ത്യൻ അതിർത്തിയോട് ചേർന്ന് ചൈന പുതിയ ഗ്രാമങ്ങൾ നിർമിക്കുന്നുണ്ടെന്നും അത് അവരുടെ സൈനികതന്ത്രത്തിന്റെ ഭാഗമാണെന്നും കിഴക്കൻ മേഖലയുടെ സൈനിക കമാൻ‌ഡർ ലഫ്നന്റ് ജനറൽ മനോജ് പാണ്ഡേ. ഇന്ത്യൻ സൈനികർക്കെതിരെ ഗ്രാമീണരെ പരിചയായി ഉപയോഗിക്കാനുള്ള ശ്രമങ്ങളുടെ തുടക്കമായും ചൈനയുടെ നീക്കങ്ങളെ ഇന്ത്യ കാണുന്നുണ്ട്. നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള പ്രദേശങ്ങളിൽ ചൈന അവരുടെ സൈനിക പ്രവൃത്തികൾ വർദ്ധിപ്പിച്ചിട്ടുണ്ടെന്നും, അതിർത്തിക്കപ്പുറമുള്ള നീക്കങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും മനോജ് പാണ്ഡേ വ്യക്തമാക്കി.

ചൈന വർഷം തോറും നടത്താറുള്ള സൈനിക പ്രവൃത്തികൾ തന്നെയാണ് ഇത്തവണയും നടത്തുന്നതെങ്കിലും അവയുടെ അളവിൽ വർദ്ധനയുണ്ടായിട്ടുണ്ടെന്ന് ലഫ്നന്റ് ജനറൽ കമാൻഡർ പറഞ്ഞു. അതിർത്തിയിലെ അടിസ്ഥാനസൗകര്യ വികസനം ലക്ഷ്യമിട്ട് ചൈനയെപോലെ ഇന്ത്യയും നിരവധി നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും ഇത് ഭാവിയിൽ ഒരു സംഘർഷത്തിന് വഴി വച്ചേക്കാൻ സാദ്ധ്യതയുണ്ടെന്നും മനോജ് പാണ്ഡേ സൂചിപ്പിച്ചു. അതിർത്തിയിൽ ഇന്ത്യൻ സൈന്യം റഡാറുകളും, സർവയിലൻസ് ഡ്രോണുകളുമടക്കമുള്ള പടക്കോപ്പുകൾ സജ്ജീകരിച്ചിട്ടുണ്ടെന്നും ചൈനയ്ക്കെതിരെ ആധുനിക യന്ത്രസംവിധാനം ഉൾപ്പെടുത്തിയിട്ടുള്ള പ്രതിരോധത്തിനാണ് സൈന്യം പ്രാധാന്യം നൽകുന്നതെന്നും മനോജ് പാണ്ഡേ പറഞ്ഞു.