'കുട്ടികളായാൽ ചിലപ്പോൾ മദ്യപിക്കും', പൊലീസ് പിടികൂടിയ ബന്ധുവിനെ വിട്ടയക്കാൻ പൊലീസ് സ്റ്റേഷനിൽ കോൺഗ്രസ് എം എൽ എയുടെ ധർണ 

Tuesday 19 October 2021 2:31 PM IST

ജയ്പൂർ : മദ്യപിച്ച് വാഹനമോടിച്ചതിന് അനന്തരവൻ പിടിയിലായതോടെ രക്ഷിക്കാൻ പൊലീസ് സ്റ്റേഷനിൽ പാഞ്ഞെത്തി എം എൽ എ. ജോധ്പൂരിലെ ഷേർഗഡിലെ പൊലീസ് സ്റ്റേഷന് മുന്നിലാണ് കോൺഗ്രസ് എം എൽ എ മീന കുൻവാറും ഭർത്താവ് ഉമൈദ് സിംഗും ധർണ നടത്തിയത്. ഈ പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

കുട്ടികൾ പലപ്പോഴും മദ്യപിക്കുകയും ചെറിയ തെറ്റുകളൊക്കെ വരുത്തുമെന്നാണ് അനന്തരവനെ വിട്ടയക്കുന്നതിനുള്ള ന്യായമായി എം എൽ എ പറയുന്നത്. അനന്തരവനെ മോചിപ്പിക്കാൻ ഇവർ പൊലീസ് ഉദ്യോഗസ്ഥരുമായി തർക്കിക്കുകയും ചെയ്തു. ഇന്നലെയാണ് ഈ സ്റ്റേഷനിലെ ചില ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തത്. നിങ്ങൾ അത് മറന്നോ എന്നും എം എൽ എ പൊലീസുകാരെ വിരട്ടുന്നുണ്ട്. എന്നാൽ എം എൽ എയുടെ ഈ അഭ്യാസങ്ങളൊന്നും കേൾക്കാത്ത മട്ടിലാണ് പൊലീസ് ഉദ്യോഗസ്ഥർ അവരുടെ ഡ്യൂട്ടി ചെയ്യുന്നത്. മദ്യപിച്ച് വാഹനമോടിച്ചതിന് എം എൽ എയുടെ അനന്തരവന്റെ കാറും പൊലീസ് പിടിച്ചെടുത്തിരുന്നു. എന്നാൽ പിന്നീട് ഡി സി പിയുടെ ഉത്തരവ് പ്രകാരം വാഹനം വിട്ടുനൽകി. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ പാർട്ടിക്ക് വലിയ നാണക്കേടാണുണ്ടായിരിക്കുന്നത്.