തിരുനക്കര ക്ഷേത്രത്തിൽ കേക്ക് മുറിച്ച് ആഘോഷം, ആചാരലംഘനം

Wednesday 20 October 2021 12:00 AM IST

കോട്ടയം: തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ആന തിരുനക്കര ശിവന്റെ പിറന്നാൾ ദേവസ്വം അധികൃതർ ക്ഷേത്രത്തിൽ കേക്ക് മുറിച്ച് ആഘോഷിച്ചത് ആചാരലംഘനമാണെന്ന് ആരോപിച്ച് വിശ്വാസികൾ രംഗത്തെത്തി. ഹിന്ദു ഐക്യവേദി, ശബരിമല അയ്യപ്പ സേവാസമാജം, ഹിന്ദു ധർമ്മ പരിഷത്ത് എന്നിവയുടെ ആഭിമുഖ്യത്തിൽ ക്ഷേത്ര മൈതാനത്തുള്ള ശിവശക്തി ഓഡിറ്റോറിയത്തിൽ നാമജപ പ്രതിഷേധവും നടത്തി.

തിരുനക്കര ശിവന്റെ 56ാം ജന്മദിനമാണ് കേക്ക് മുറിച്ച് ആഘോഷിച്ചത്. അഡ്മിനിസ്ടേറ്റീവ് ഓഫീസർ കേക്ക് മുറിച്ച് ആനയ്ക്ക് നൽകി. മേൽശാന്തി അടക്കമുള്ളവർ കൈയ്യടിച്ചു ഹാപ്പി ബർത്ത്ഡേ പാടി. മുട്ടയും മദ്യവും മറ്റും ചേർത്ത് ഉണ്ടാക്കിയ കേക്ക് ക്ഷേത്രത്തിൽ കയറ്റിയതും മുറിച്ച് സസ്യഭുക്കായ ആനയ്ക്കു നൽകിയതും വേദനിപ്പിച്ചുവെന്നാണ് വിശ്വാസികളുടെ പക്ഷം. ഭക്തജനങ്ങൾ ബന്ധപ്പെട്ടവരെ സമീപിച്ചപ്പോൾ ദേവസ്വം ജീവനക്കാരുടെ യൂണിയൻ തിരഞ്ഞെടുപ്പു നടക്കുന്ന 28 വരെ പരാതികൾ സ്വീകരിക്കില്ലെന്ന മറുപടിയാണ് ലഭിച്ചത്. ആചാരാനുഷ്ഠാനങ്ങൾ പാലിക്കേണ്ട ജീവനക്കാരിൽ ചിലർ മദ്യപിച്ചും വെറ്റില മുറുക്കിയും മുണ്ട് മടക്കികുത്തിയും ക്ഷേത്രത്തിൽ പ്രവേശിക്കുന്നുവെന്നും ആക്ഷേപമുണ്ട്. പൂജ കഴിയുംമുൻപ് കൂട്ടംകൂടി കേക്ക് മുറിച്ച മേൽശാന്തിയും ആചാര ലംഘനം നടത്തി.

ഏറ്റുമാനൂർ അടക്കം ദേവസ്വം ബോർഡ് വക മറ്റു ക്ഷേത്രങ്ങളിൽ വിനായക ചതുർത്ഥി ദിവസം ഗജപൂജയും ആനയൂട്ടും നടത്തിയിരുന്നു. തിരുനക്കരയിൽ കേക്ക് മുറിക്കലും പിറന്നാൾ ആഘോഷവുമാണ് നടന്നത്.

' ക്ഷേത്ര മതിൽ കെട്ടിനുള്ളിൽ കേക്ക് മുറിച്ച് ആചാര ലംഘനം നടത്തിയവർക്കെതിരെ നടപടിയെടുക്കണം. ഉദ്യോഗസ്ഥരുടെ തോന്ന്യവാസ ഭരണത്തിന് അറുതി വരുത്താൻ ക്ഷേത്രോപദേശക സമിതി അടിയന്തിരമായി രൂപീകരിക്കണം'.

- ടി.എൻ.ഹരികുമാർ, ബി.ജെ.പി മദ്ധ്യമേഖലാ സെക്രട്ടറി