മുഖ്യമന്ത്രിയാകാൻ വിജയ്: തമിഴകത്ത് ചൂടൻ ചർച്ച

Wednesday 20 October 2021 12:00 AM IST

ചെന്നൈ: തമിഴ് നടൻ വിജയ് 2031ൽ തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന ഉള്ളടക്കത്തോടെ ആരാധകർ മധുര നഗരത്തിൽ പതിച്ച പോസ്റ്ററുകൾ വിവാദത്തിന് തിരികൊളുത്തി. രാഷ്ട്രീയ പാർട്ടികളും നിരീക്ഷകരും ശ്രദ്ധയോടെ വിജയ്‌യുടെ നീക്കങ്ങളെക്കുറിച്ച് ചൂടുപിടിച്ച ചർച്ച തുടങ്ങിക്കഴിഞ്ഞു.

' ജോസഫ് വിജയ് എനും നാൻ' എന്നാരംഭിക്കുന്ന തമിഴ് സത്യപ്രതിജ്ഞാവാചകത്തോടെ നടൻ വിജയ് തമിഴ്നാട് മുഖ്യമന്ത്രിയാവുമെന്ന് സൂചന നൽകിയാണ് ചുമർ പോസ്റ്റർ പതിച്ചിരിക്കുന്നത്.

'2021ൽ തദ്ദേശ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പിൽ മികവ്, നിങ്ങളാണ് തമിഴകത്തിന്റെ ആത്യന്തിക പരിഹാരം' (2021ഉള്ളാച്ചിയിൽ നല്ല തേർവ്...നീങ്കൾ താൻ തമിഴകത്തിൻ ഇറുതി തീർവ്) എന്ന വാചകവും പോസ്റ്ററിലുണ്ട്.

വിജയ് സത്യപ്രതിജ്ഞ ചെയ്യുന്നത് പോലുള്ള ചിത്രവും പോസ്റ്ററിൽ കാണാം. ഒക്‌ടോബർ ആറ്, ഒമ്പത് തിയതികളിൽ സംസ്ഥാനത്ത് പുതുതായി രൂപീകരിച്ച ഒമ്പത് ജില്ലകളിൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ 'ഇളയ ദളപതി വിജയ് മക്കൾ ഇയക്കം' 169 സീറ്റുകളിൽ മത്സരിച്ച് 110 എണ്ണത്തിൽ വിജയിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

സ്വതന്ത്ര സ്ഥാനാർത്ഥികളായാണ് ഇവർ മത്സരിച്ചത്. 13 പേർ എതിരില്ലാതെ തിരഞ്ഞെടുക്കെപ്പട്ടു. പ്രചാരണത്തിന് വിജയ്‌യുടെ പേരും ചിത്രവും പതാകയും വ്യാപകമായി ഉപയോഗപ്പെടുത്തിയിരുന്നു. ഇതിന് വിജയ് അനുവാദം നൽകിയിരുന്നു.

Advertisement
Advertisement