സ്മൃതികുടീരം തുറന്നത് പൂട്ടുപൊളിച്ച് ,​വൃത്തിയാക്കിയത് ബന്ധുക്കൾ ; തലശ്ശേരി മറന്നു മഞ്ഞണി പൂനിലാവിനെ?​...

Tuesday 19 October 2021 8:22 PM IST
പുല്ല് നിറഞ്ഞ രാഘവൻ മാഷിന്റെ സ്മൃതി കുടീരം ചരമദിനത്തിൽ മരുമകൾ റീനയും ശിഷ്യ കെ.പി.എ.സി പൊന്നമ്മയുംചേർന്ന് തൂത്തു വൃത്തിയാക്കുന്നു

തലശ്ശേരി:മലയാള ചലച്ചിത്ര സംഗീതലോകത്ത് പൂനിലാവുപോലെ തിളങ്ങിനിൽക്കുന്ന വിഖ്യാത സംഗീതജ്ഞൻ കെ.രാഘവന് ഈ ഓർമ്മദിനത്തിൽ നേരിട്ടത് കടുത്ത അവഗണന. തലശേരി സ്മൃതി കുടിരത്തിൽ പുഷ്പാർച്ചന നടത്താനെത്തിയ അദ്ദേഹത്തിന്റെ മകനുൾപ്പെടെയുള്ള ബന്ധുക്കൾ മണിക്കൂറുകളാണ് കാത്തുനിൽക്കേണ്ടിവന്നത്. ചുറ്റും കുമിഞ്ഞുകൂടിയ ചപ്പുചവറുകൾ ബന്ധുക്കളും ശിഷ്യൻമാരും ചേർന്നാണ് ശുചീകരിച്ചത്. സ്മൃതികുടീരത്തിൽ രാഘവൻമാഷുടെ ശില്പത്തിന്ചുറ്റുമുള്ള ഗ്ളാസ് ഭിത്തിയുടെ വാതിൽ തുറന്നതാകട്ടെ താക്കോൽ കിട്ടാത്തതിനാൽ പൂട്ടുപൊളിച്ചും.

മലയാളസംഗീതലോകത്തിന് മുന്നിൽ തലശ്ശേരിയുടെ യശസ്സ് ഉയർത്തിയ മഹാസംഗീതജ്ഞന്റെ ചരമാവാർഷിക ദിനത്തിൽ രാവിലെ എട്ട് മണിയോടെയാണ് മൂത്തമകൻ മുരളീധരനും ബന്ധുക്കളും ശിഷ്യൻമാരും ഉൾപ്പെടെയുള്ള സംഘം സെന്റിനറി പാർക്കിലെ സ്മൃതികുടിരത്തിൽ എത്തിയത്.സാധാരണ നിലയിൽ ഈ ദിനത്തിൽ രാവിലെ എത്താറുള്ള നഗരസഭ അധികാരികളാരും ഈ സമയത്ത് എത്തിയിരുന്നില്ല. മാഷിന്റെ മരുമകൾ റീനയും ശിഷ്യയായ കെ.പി.എ.സി പൊന്നമ്മയും ഹരീന്ദ്രൻ കക്കാടും ചേർന്നാണ് സ്മൃതികുടീരത്തിൽ കുമിഞ്ഞുകൂടിയ ചപ്പുചവറുകൾ തൂത്തുവാരിക്കളഞ്ഞത്. ഇക്കാര്യം നഗരസഭ അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയെങ്കിലും അത് നിങ്ങൾ അത് ഓർമ്മിപ്പിക്കേണ്ടതായിരുന്നില്ലേ എന്നായിരുന്നു രാഘവൻ മാസ്റ്ററുടെ മകന് ലഭിച്ച മറുപടി.

പുഷ്പാർച്ചന നടത്താൻ സ്മൃതികുടീരത്തിലെ അദ്ദേഹത്തിന്റെ ശില്പത്തിന് ചുറ്റുമുള്ള ഗ്ലാസ് ഭിത്തിയുടെ വാതിൽ തുറക്കാനുള്ള താക്കോൽ എത്തിയത് മണിക്കൂറുകൾക്ക് ശേഷമായിരുന്നു. എന്നാൽ ഈ താക്കോലും പിന്നാലെ കൊണ്ടുവന്ന മറ്റൊരു താക്കോൽകൂട്ടവും കൊണ്ട് തുറക്കാൻ കഴിയാത്തതിനാൽ ഒടുവിൽ പൂട്ടുപൊളിച്ച് അകത്ത് കയറേണ്ടിവന്നു.പൂട്ട് തകർത്ത് ഉള്ളിൽ കയറുമ്പോൾ സമയം ഏതാണ്ട് പന്ത്രണ്ടുമണി കഴിഞ്ഞിരുന്നു.തുറന്നതിന് പിന്നാലെ നഗരസഭയുടെ വക ശുചീകരണം കഴിഞ്ഞ് ശില്പത്തെ പൂക്കൾ കൊണ്ട് അലങ്കരിച്ച് ചെയർപേഴ്സൺ കെ.എം.ജമുനാറാണിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും നടന്നു. നഗരസഭ അധികൃതർ മടങ്ങിയ ശേഷമാണ് മകനും ബന്ധുക്കളും ശിഷ്യന്മാരും ചേർന്ന് പുഷ്പാർച്ചന നടത്തിയത്.

നഗരസഭയും സർക്കാരും നിർബന്ധിച്ചതിനെ തുടർന്നാണ് സംസ്കാരം തലശ്ശേരിയിൽ നടത്താൻ തങ്ങൾ തയ്യാറായതെന്ന് പറഞ്ഞ മുരളീധരൻ നഗരസഭയുടെ നിലപാട് മനോവിഷമമുണ്ടാക്കുന്നതാണെന്ന് അഭിപ്രായപ്പെട്ടു. എന്നാൽ കൊവിഡ് പ്രോട്ടോക്കാൾ നിലനിൽക്കുന്നത് കൊണ്ടാണ് ചരമദിനത്തിലെ പരിപാടികൾ ഒഴിവാക്കിയതെന്നാണ് നഗരസഭയുടെ പ്രതികരണം.


മരണാനന്തരം നഗരസഭ അദ്ദേഹത്തിന്റെ ഒരു പ്രതിമ സ്ഥാപിച്ച തൊഴിച്ചാൽ തലശ്ശേരിക്കാർ രാഘവൻ മാസ്റ്ററോട് കാട്ടിയത് കടുത്ത അവഗണനയാണ് .കെ.പി.എ.സി. മുൻകൈയെടുത്ത് കോഴിക്കോട്ട് മാഷിന്റെ സ്മരണക്കായി ഒരു സ്ഥണ്ടേഷൻ നല്ല നിലയിൽ പ്രവർത്തിക്കുന്നുണ്ട്. വർഷം തോറും സംഗീത പ്രതിഭകൾക്ക് അര ലക്ഷം രൂപയുടെ അവാർഡും നൽകി വരുന്നുണ്ട്. തലശ്ശേരിയിൽ കൊവിഡിന് മുമ്പ് മാഷിന്റെ ചരമവാർഷിക നാളിൽ നടന്ന നഗരസഭയുടെ അനുസ്മരണ ചടങ്ങ് പോലും മറ്റൊരു കലാകാരനെ അനുസ്മരിക്കുന്നതിനൊപ്പമാണ് നടത്തിയത്..ഉത്തര കേരളത്തിൽ ഒരു സംഗീത കോളജ് പോലുള്ള ശാശ്വതമായ സ്മാരകം മാഷിന്റെ സ്മരണയിൽ സർക്കാർ തലത്തിൽ തന്നെ ഉണ്ടാവണം-

വി.ടി.മുരളി(ഗായകൻ,​ രാഘവൻമാസ്റ്ററുടെ ശിഷ്യൻ)​

Advertisement
Advertisement