ഡാം മാനേജ്മെന്റിലെ അബദ്ധങ്ങൾ ആവർത്തിക്കരുത്: വി.ഡി. സതീശൻ

Wednesday 20 October 2021 12:20 AM IST

കണ്ണൂർ:ഡാം മാനേജ്‌മെന്റിൽ 2018 ൽ സംഭവിച്ച മഹാ അബദ്ധങ്ങൾ ആവർത്തിക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. അന്ന് നദിയിൽ അടിഞ്ഞ പാറയും ചെളിയും മാറ്റാനാകാത്തത് വലിയ തിരിച്ചടിയാണ്. രണ്ടു ഡാമുകൾ ഒരുമിച്ച് തുറക്കരുതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വൃഷ്ടിപ്രദേശത്ത് മഴ പെയ്യുമ്പോൾ ഡാം തുറക്കരുത്. കേരളത്തിലെ ദുരന്തനിവാരണ അതോറിറ്റി വലിയ ദുരന്തമായി. അത് വിദഗ്ദ്ധരെ ഉൾപ്പെടുത്തി പുനഃസംഘടിപ്പിക്കണം.

നെതർലന്റിനെ മാതൃകയാക്കി മുഖ്യമന്ത്രി പ്രഖ്യാപിച്ച റൂം ഫോർ റിവർ ആശയത്തിന് എതിരാണ് സിൽവർ ലൈൻ പദ്ധതി. കോട്ട പോലെ മതിൽ ഉയർത്തിയാണ് നടപ്പാക്കുക. പശ്ചിമ ഘട്ടത്തിന്റെ പരിസ്ഥിതിലോല അവസ്ഥ പരിഗണിക്കാതെയാണ് പദ്ധതി നടപ്പാക്കാൻ ശ്രമിക്കുന്നത്. പാരിസ്ഥിതിക ആഘാത പഠനം വേണം.

ഡാം മാനേജ്‌മെന്റിനെപ്പറ്റി വിദഗ്ദ്ധ പഠനം ആവശ്യമാണ്. മാധവ് ഗാഡ്കിൽ റിപ്പോർട്ടിനെതിരെ എൽ.ഡി.എഫാണ് സമരം നടത്തിയത്. ചർച്ച നടത്തണം എന്നായിരുന്നു യു.ഡി.എഫ് നിലപാട്. മല തുരന്നെടുക്കുന്ന കാര്യത്തിൽ നിയന്ത്രണം വേണം. പരിസ്ഥിതിക്ക് വേണ്ടി സംസാരിക്കുമ്പോൾ കർഷകവിരുദ്ധമാണെന്ന് പ്രചരിപ്പിക്കുന്നു. ഗാഡ്കിൽ റിപ്പോർട്ടിനെതിരെ വ്യാപക തെറ്റിദ്ധാരണ പരത്തി കർഷകരെ ഭയപ്പെടുത്തിയത് ഇടതുമുന്നണിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 ഭാരവാഹി ലിസ്റ്റ് യഥാസമയം

കെ.പി.സി.സി ഭാരവാഹി ലിസ്റ്റ് യഥാസമയം പുറത്തിറക്കുമെന്ന് സതീശൻ പറഞ്ഞു. ഡി.സി.സി പ്രസിഡന്റുമാരെ പ്രഖ്യാപിച്ചപ്പോൾ സാമുദായിക സമവാക്യങ്ങൾ പാലിച്ചില്ലെന്നു കുറ്റപ്പെടുത്തിയവർ സി.പി.എം ജില്ലാ സെക്രട്ടറിമാരെ ഇങ്ങനെ വിലയിരുത്തുമോ എന്നു സതീശൻ ചോദിച്ചു.

Advertisement
Advertisement