കഠിന ശിക്ഷയാകുന്ന വാട്ടർ ബിൽ
ഉപയോഗിക്കാത്ത സേവനത്തിന് ഉപഭോക്താവ് വില നൽകേണ്ടിവരുന്നത് ശുദ്ധ മര്യാദകേടാണ്. വാട്ടർ അതോറിട്ടി അടുത്തിടെ നടപ്പിലാക്കിയ ബില്ലിംഗ് പരിഷ്കരണം ഉപഭോക്താക്കളെ കൊള്ളയടിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനെതിരെ വ്യാപകമായ പരാതികളാണ് ഉയരുന്നത്. ഉപയോഗിക്കുന്ന വെള്ളത്തിന്റെ റീഡിംഗ് എടുത്ത് കൃത്യമായ ബില്ലുകൾ നൽകുന്നതിനു പകരം തോന്നിയ പോലെയാണ് പലർക്കും ബിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. വളരെ കുറഞ്ഞ നിരക്കിൽ ബില്ലടച്ചിരുന്നവർക്ക് ഫോണിലൂടെ ലഭിക്കുന്ന ബില്ല് ആയിരക്കണക്കിനു രൂപയുടേതാണ്. പരാതികളുമായി ചെല്ലുമ്പോൾ അവയിൽ പലതും തിരുത്തപ്പെടുന്നതു ശരിതന്നെ. എന്നാൽ അതുകൊണ്ടുമാത്രം ഈ തോന്ന്യവാസം അവസാനിക്കുമെന്നില്ലല്ലോ. പരാതിപ്പെടാൻ പോകാത്തവർ ഉയർന്ന ബിൽ തുക അടച്ചുതന്നെ തീരണം.
റീഡിംഗ് എടുക്കാൻ വേണ്ടത്ര ഉദ്യോഗസ്ഥരില്ലെന്നത് ഉപഭോക്താവിന്റെ കുറ്റമല്ല. ആൾ കുറവായതിന്റെ പേരിൽ കമ്മതിക്കണക്കിൽ ഉപഭോഗം തിട്ടപ്പെടുത്തി തോന്നിയപടി പണം ഈടാക്കുന്നത് പകൽക്കൊള്ളയാണ്.
സംസ്ഥാനത്ത് വാട്ടർ അതോറിട്ടി സ്ഥാപിച്ചിട്ടുള്ള മീറ്ററുകളിൽ പകുതിയിലധികവും കേടായതിനാൽ ഉപഭോഗം കൃത്യമായി കണക്കാക്കാൻ ആകുന്നില്ലെന്നാണ് അതോറിട്ടി പറയുന്നത്. പരിശോധനയിൽ മീറ്റർ കേടാണെന്നു കണ്ടാൽ അവ മാറ്റിസ്ഥാപിക്കാൻ ആവശ്യപ്പെടാം. ടെസ്റ്റ് ചെയ്ത മീറ്റർ വീണ്ടും സ്ഥാപിക്കുകയും ചെയ്യാം. ഉപഭോക്താവ് ഇതിനു മുതിരുന്നില്ലെങ്കിൽ അതോറിട്ടിക്ക് കണക്‌ഷൻ വിച്ഛേദിക്കുന്നതുൾപ്പെടെ നടപടികളിലേക്കു നീങ്ങാം. അതൊന്നും ചെയ്യാതെ സ്വന്തം കെടുകാര്യസ്ഥതയ്ക്ക് ഉപഭോക്താവിനെ ശിക്ഷിക്കുന്ന നയമാണ് അതോറിട്ടിയുടേത്.
ബില്ലിംഗ് രീതിയിലെ പാളിച്ചകൾ വ്യക്തമാക്കുന്ന ഒരു റിപ്പോർട്ട് കഴിഞ്ഞ ലക്കത്തിൽ ഞങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. തിരുവനന്തപുരം നഗരത്തിലെ ഉപഭോക്താക്കളുടെ പരാതി അടിസ്ഥാനമാക്കിയുള്ളതായിരുന്നു റിപ്പോർട്ട്. നൂറു രൂപയ്ക്കു താഴെ മാത്രം ബിൽ അടച്ചുകൊണ്ടിരുന്ന ഉപഭോക്താവിന് കഴിഞ്ഞമാസം പൊടുന്നനെ 6632 രൂപയുടെ ബിൽ ഫോൺ വഴി എത്തിയതിന്റെ തെളിവും റിപ്പോർട്ടിനൊപ്പം നൽകിയിരുന്നു. അമിതബില്ലുമായി ബന്ധപ്പെട്ട് ദിവസേന ശരാശരി ഇരുപത്തഞ്ചു പരാതികളെങ്കിലും അതോറിട്ടിയിൽ എത്താറുണ്ടത്രെ. ഇതിനർത്ഥം ബില്ലുകളിൽ നല്ലൊരു പങ്ക് തെറ്റായ റീഡിംഗിന്റെ അടിസ്ഥാനത്തിലാണെന്നല്ലേ? കൊവിഡ് കാലത്ത് റീഡിംഗ് എടുക്കൽ നിറുത്തിവച്ചിരുന്നു. മുൻമാസങ്ങളിലെ ഉപഭോഗം കണക്കാക്കി ബിൽ നൽകുന്നതായിരുന്നു രീതി. റീഡിംഗ് പുനരാരംഭിച്ചപ്പോൾ ഉപഭോക്താവിന് ബിൽ നേരിട്ടു നൽകുന്ന പതിവില്ലാതായി. പകരം ഫോണിൽ തുക എത്രയെന്നു കാണിച്ച് സന്ദേശം നല്കും. ഉയർന്ന തുകയ്ക്കുള്ള ബിൽ കണ്ട് അമ്പരക്കുന്ന ഉപഭോക്താക്കൾ ബില്ലിലെ പിഴവ് പരിഹരിക്കാൻ ബന്ധപ്പെട്ട വാട്ടർ അതോറിട്ടി ഓഫീസിൽ എത്തേണ്ടിവരുന്നു. ഉപഭോക്താക്കളെ ഇങ്ങനെ ശിക്ഷിക്കുന്നതിനു പകരം പരാതിക്കിട നൽകാത്ത സംവിധാനം സാദ്ധ്യമല്ലേയെന്ന് അധികൃതർ ചിന്തിക്കണം. ഉപഭോക്താവിന്റെ സാന്നിദ്ധ്യത്തിൽ റീഡിംഗ് എടുത്ത് അവിടെവച്ചുതന്നെ ബിൽ നൽകുന്ന പഴയ സമ്പ്രദായം എന്തിനാണു നിറുത്തലാക്കിയതെന്ന് അറിയില്ല. സ്വയം റീഡിംഗ് എടുക്കാവുന്ന സമ്പ്രദായത്തിന്റെ പണിപ്പുരയിലാണത്രെ അതോറിട്ടി. ഇതിനകം നടന്ന പരീക്ഷണം ഉപഭോക്താവിനെ വട്ടംചുറ്റിക്കുന്നതാകുമ്പോൾ പുതിയതിനെ എങ്ങനെ വിശ്വസിക്കും.
വാട്ടർ അതോറിട്ടി വക വെള്ളം ഉപയോഗിക്കുന്ന 21 ലക്ഷം ഉപഭോക്താക്കളുണ്ടെന്നാണു കണക്ക്. ഇതിന്റെ നാലിരട്ടിയാണ് വൈദ്യുതി ഉപഭോക്താക്കൾ. അവിടെ കൃത്യമായി റീഡിംഗ് എടുക്കാനും ബിൽ നൽകാനും സംവിധാനമുണ്ട്. വാട്ടർ അതോറിട്ടിയിൽ എന്തുകൊണ്ട് എല്ലാം കുത്തഴിഞ്ഞ മട്ടിലാകുന്നു എന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു.