മോദി നിരക്ഷരനെന്ന് കോൺഗ്രസ്,​ പിന്നാലെ ട്വീറ്റ് നീക്കി, ഖേദം പ്രകടിപ്പിച്ചു

Wednesday 20 October 2021 12:00 AM IST

ബംഗളൂരു: ഈ മാസം മുപ്പതിന് രണ്ട് മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ,​ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നിരക്ഷരനെന്ന് വിശേഷിപ്പിച്ച് കർണാടക കോൺഗ്രസിന്റെ ട്വീറ്റ് വിവാദമായി. പ്രതിഷേധം ഉയർന്നതോടെ ഔദ്യോഗിക ട്വിറ്റർ പേജിൽ നിന്ന് പരാമർശം അടങ്ങിയ ട്വീറ്റ് നീക്കം ചെയ്ത് കർണാടക കോൺഗ്രസ് ഖേദം പ്രകടിപ്പിച്ചു. ഒരു പുതിയ സോഷ്യൽ മീഡിയ മാനേജറാണ് "അപരിഷ്‌കൃത ട്വീറ്റ്' പങ്കുവച്ചതെന്നായിരുന്നു കോൺഗ്രസിന്റെ മറുപടി.

"കോൺഗ്രസ് സ്കൂളുകൾ നിർമ്മിച്ചു. എന്നാൽ മോദി പഠിക്കാൻ പോയിട്ടില്ല. മുതിർന്നവർക്ക് പഠിക്കാനായും കോൺഗ്രസ് നിരവധി പദ്ധതികൾ ആവിഷ്‌കരിച്ചു. എന്നാൽ മോദി അതും പഠിച്ചില്ല. ഭിക്ഷാടനം നിരോധിച്ചിട്ടും ഉപജീവനത്തിനായി തിരഞ്ഞെടുത്ത ആളുകൾ ഇന്ന് പൗരന്മാരെ ഭിക്ഷാടനത്തിലേക്ക് തള്ളിവിടുന്നു. മോദിയുടെ നിരക്ഷരത കാരണം രാജ്യം കഷ്ടപ്പെടുന്നു.'- എന്നായിരുന്നു കോൺഗ്രസിന്റെ ട്വീറ്റ്. "അംഗൂതഛാപ്പ് മോദി" എന്ന ഹാഷ്‌ടാഗ് സഹിതമായിരുന്നു ട്വീറ്റ്. എഴുതാനും വായിക്കാനും അറിയാത്തവരെ വിശേഷിപ്പിക്കുന്ന പ്രയോഗമാണ് അംഗൂതഛാപ്പ്.