താമസം മാറുമ്പോൾ വീടും കൂടെ കൊണ്ടുപോകാം, നടക്കാത്തതെന്ന് കരുതിയ കാര്യം യാഥാർത്ഥ്യമാക്കി ദമ്പതികൾ

Tuesday 19 October 2021 11:22 PM IST

ജനിച്ചു വളർന്ന വീടും പരിസരവും പലർക്കും അത്രത്തോളം പ്രിയപ്പെട്ടതാണ്. സാഹചര്യങ്ങൾ കൊണ്ട് ആ വീട് ഉപേക്ഷിക്കേണ്ടി വരുമ്പോൾ പലർക്കും ഹൃദയം തകരുന്ന വേദനയാണ്

അതുണ്ടാക്കുന്നത്. ഇങ്ങനെ വീട് മാറേണ്ടി വന്നപ്പോൾ കാനഡ‌യിലെ ദമ്പതിമാർ ചെയ്‌തത് വീടും കൂടി കൂടെ കൊണ്ടുപോകുകയായിരുന്നു.

കാനഡയിലെ ഗ്രാമമായ ന്യൂഫൗണ്ട്ലാൻഡിലാണ് ഇങ്ങനെ വീട് മാറ്റി സ്ഥാപിച്ചത്. ദമ്പതികൾ തങ്ങളുടെ രണ്ട് നിലകളുള്ള വീട് ബേ ഓഫ് ദ്വീപുകളിലൂടെ തീരപ്രദേശത്തുള്ള ഒരു പുതിയ സ്ഥലത്തേക്ക് മാറ്റുകയായിരുന്നു. ഇതിനായി വീട്ടുടമ ഡാനിയേൽ പെന്നിയും ആൺ സുഹൃത്ത് കിർക്‌ ലാവലും വേറിട്ട വഴിയാണ് സ്വീകരിച്ചത്. ആറുബോട്ടുകളാണ് വീട് മാറ്റാനായി അവർ ഉപയോഗിച്ചത്. ബോട്ടിലേക്ക് കയറ്റുന്നതിന് മുൻപ് തന്നെ വീട് മെറ്റല്‍ ഫ്രെയിമുകളും മറ്റും ഉപയോഗിച്ച് ബന്ധിച്ചിരുന്നു. ഒക്ടോബർ 11നാണ് സംഭവം. ഉൾക്കടലിന്റെ വടക്കൻ തീരത്തേക്കുള്ള യാത്രയ്ക്ക് ഏകദേശം എട്ട് മണിക്കൂർ എടുത്തു. എന്നാൽ ഒരുതവണ വീട് വെള്ളത്തിലേക്ക് മറിഞ്ഞുവീഴാന്‍ പോയി. പിന്നെയൊരു തവണ ബോട്ടുകളിലൊന്ന് തകര്‍ന്നു. ആ സമയത്ത് മറ്റ് ബോട്ടുകള്‍ വീടിനെ താങ്ങിയത് കൊണ്ട് അപകടം ഒഴിവാകുകയായിരുന്നു

വീട് കരയിലെത്തിയപ്പോൾ ജോലിക്കാരുടെ സഹായത്തോടെ തീരത്തേക്ക് വവലിച്ചു കയറ്റുകയായിരുന്നു. പിന്നീട് ചരിവിലൂടെ വീട് ലക്ഷ്യസ്ഥാനത്തേക്ക് എത്തിക്കുകയായിരുന്നു. ‌‌ഡാനിയേലിന്റെ വീട് സ്ഥിതി ചെയ്തിരുന്നത് സ്വന്തം സ്ഥലത്തായിരുന്നില്ല. സ്ഥലമുടമ പ്ലോട്ട് വിൽക്കാൻ തീരുമാനിച്ചപ്പോൾ സ്വന്തം സ്ഥലത്തേക്ക് വീട് മാറ്റാൻ ഡാനിയേൽ തീരുമാനിക്കുകയായിരുന്നു.

എന്നാൽ കരയിലൂടെ കൊണ്ടുപോകാൻ സാധിക്കാത്തതിനാൽ വെള്ളത്തിലൂടെ മാറ്റുകയായിരുന്നു. .