വ്യാപാര സഹകരണം ശക്തിപ്പെടുത്താൻ ഇന്ത്യ-യു.എസ്- ഇസ്രയേൽ-യു.എ.ഇ ധാരണ

Wednesday 20 October 2021 1:16 AM IST

ടെൽഅവീവ്: സാങ്കേതികവിദ്യ, സമുദ്ര സുരക്ഷ, വ്യാപാരം,​ഗതാഗതം എന്നീ മേഖലകളിൽ ബന്ധം ശക്തമാക്കാൻ ഇന്ത്യ, അമേരിക്ക,ഇസ്രയേൽ,യു.എ.ഇ ധാരണ. 4 രാജ്യങ്ങളുടേയും വിദേശകാര്യ മന്ത്രിമാർ പങ്കെടുത്ത വെർച്വൽ മീറ്റിംഗിലാണ് വിവിധ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്താൻ ധാരണയിലെത്തിയത്.

ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ, അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ, ഇസ്രായേൽ വിദേശകാര്യമന്ത്രി യെയ്ർ ലാപിഡ്, യു.എ.ഇ വിദേശകാര്യമന്ത്രി അബ്ദുളള ബിൻ സയിദ് അൽ നഹ്യാൻ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.

സാമ്പത്തിക സഹകരണത്തിനായി ഒരു അന്താരാഷ്ട്ര ഫോറം സ്ഥാപിക്കാൻ നാല് രാജ്യങ്ങളും തീരുമാനിച്ചതായി ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അടിസ്ഥാന സൗകര്യ വികസനം, ഗതാഗതം, സമുദ്രസുരക്ഷ എന്നീ മേഖലകളിൽ യോജിച്ച് പ്രവർത്തിക്കാൻ 4 രാജ്യങ്ങളും തീരുമാനിച്ചതായി ഇസ്രയേൽ വിദേശകാര്യ മന്ത്രി യെയ്ർ ലാപിഡ് വ്യക്തമാക്കി. ഇതു കൂടാതെ കാലാവസ്ഥാ വ്യതിയാനം, ഊർജ്ജ സഹകരണം എന്നീ മേഖലകളിലെ സഹകരണത്തെക്കുറിച്ചും ചർച്ച ചെയ്തു.എന്നാൽ യോഗത്തിന്റെ ഒരു ഘട്ടത്തിലും പാലസ്തീൻ വിഷയം ചർച്ചാവിഷയമായില്ലെന്നാണ് റിപ്പോർട്ട്.

Advertisement
Advertisement