സാമ്പത്തിക തട്ടിപ്പ് നീരവ് നിയമ നടപടി നേരിടണം : യു.എസ് കോടതി

Wednesday 20 October 2021 1:36 AM IST

ന്യൂയോർക്ക് : ഇന്ത്യയിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തി മുങ്ങിയ വജ്രവ്യാപാരി നീരവ് മോദിക്ക് തിരിച്ചടിയായി യു.എസ് കോടതി വിധി. ബിനാമി ഇടപാടിലൂടെ നീരവും കൂട്ടാളികളും സ്വന്തമാക്കിയ കമ്പനിയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ തുടർ നടപടികൾ ഒഴിവാക്കണമെന്ന ഹർജി കോടതി തളളി. ഫയർസ്റ്റാർ ഡയമണ്ട്, ഫാന്റസി ഇൻക്, എ ജഫെ എന്നീ കമ്പനികളുമായി ബന്ധപ്പെട്ട കേസിലാണ് വിധി. ന്യൂയോർക്കിലെ പാപ്പർ കോടതിയാണ് നീരവിന്റെ ഹർജി തള്ളിക്കൊണ്ട് ഉത്തരവിട്ടത്.

നീരവിനൊപ്പം മിഹിർ ഭൻസാലി, അജയ് ഗാന്ധി എന്നിവരുടെ നിയന്ത്രണത്തിലുണ്ടായ കമ്പനികളിൽ നടത്തിയ സാമ്പത്തിക തട്ടിപ്പ് മൂലം നഷ്ടം നേരിട്ടവർക്ക് ഏകദേശം 15 മില്യൻ യു.എസ് ഡോളറെങ്കിലും നഷ്ടപരിഹാരം നൽകണമെന്ന് കോടതി നിയോഗിച്ച ട്രസ്റ്റി റിച്ചാർഡ് ലെവിൻ റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ടിലെ കണ്ടെത്തലുകളും ആരോപണങ്ങളും തളളണമെന്ന നീരവിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. കമ്പനികളിൽ നിന്നുള്ള ലാഭം അതേ കമ്പനികളിലേക്ക് തിരികെ നിക്ഷേപിച്ച് അധികവിൽപനയെന്ന് തെറ്റിദ്ധരിപ്പിച്ചാണ് നീരവും കൂട്ടാളികളും തട്ടിപ്പ് നടത്തിയതെന്ന് കോടതി നിരീക്ഷിച്ചു.

വഞ്ചന, നിയമ ലംഘനം ഉൾപ്പെടെയുളള കുറ്റങ്ങളാണ് നീരവ് മോദിക്കും കൂട്ടാളികൾക്കുമെതിരെ യു.എസിൽ നിലവിലുള്ള കേസിൽ ചുമത്തിയിരിക്കുന്നത്. ഇവർ നടത്തിയ തട്ടിപ്പുകളിലൂടെ പഞ്ചാബ് നാഷണൽ ബാങ്ക് ഉൾപ്പെടെയുള്ള ബാങ്കുകൾക്ക് ഒരു ബില്യൻ യു.എസ് ഡോളറിലധികം നഷ്ടം നേരിട്ടതായും കോടതി നിരീക്ഷിച്ചു. നിലവിൽ യു.കെയിലെ ജയിലിൽ കഴിയുന്ന നീരവിനെ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമങ്ങൾ സർക്കാർ തുടരുകയാണ്.

Advertisement
Advertisement