പുതിയ നിയമവുമായി ചൈന കുട്ടികളുടെ തെറ്റിന് രക്ഷിതാക്കൾക്ക് ശിക്ഷ

Wednesday 20 October 2021 1:39 AM IST

ബീജിഗ്: കുട്ടികൾ മോശം രീതിയിൽ പെരുമാറുകയോ ക്രിമിനൽ കുറ്റകൃത്യങ്ങളിലേർപ്പെടുകയോ ചെയ്താൽ മാതാപിതാക്കൾക്ക് ശിക്ഷ നല്കുന്ന നിയമം പാസാക്കാനൊരുങ്ങി ചൈനീസ് ഭരണകൂടം. കുറ്റക്കാരെന്ന് കണ്ടെത്തുന്ന കുട്ടികളുടെ മാതാപിതാക്കൾ സർക്കാർ ഏർപ്പെടുത്തുന്ന പ്രത്യേക ക്ലാസുകളിൽ പങ്കെടുക്കണമെന്നത് ഉൾപ്പെടെയുള്ള നിർദ്ദേശങ്ങൾ നിയമത്തിൽ ശുപാർശ ചെയ്യുന്നു.

കുട്ടികൾ മോശമായി പെരുമാറുന്നതിന് പ്രധാന കാരണം വീട്ടിൽ നിന്ന് കൃത്യമായി മാർഗനിർദ്ദേശങ്ങളും ശ്രദ്ധയും ലഭിക്കാത്തതുകൊണ്ടാണ്. അതിന് ഉത്തരവാദികൾ മാതാപിതാക്കളാണ്. അതിനാലാണ് ഇത്തരമൊരു ശിക്ഷാനടപടിയെക്കുറിച്ച് ചിന്തിക്കേണ്ടി വന്നതെന്ന് ചൈനീസ് പാർലമെന്റ് വ്യക്തമാക്കുന്നു. കുട്ടികൾക്ക് ആവശ്യത്തിന് വിശ്രമം, വ്യായാമം, എന്നിവ ലഭ്യമാകുന്നുവെന്ന് രക്ഷിതാക്കൾ ഉറപ്പാക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

കുട്ടികൾളിൽ വർധിച്ച് വരുന്ന ഓൺലൈൻ ഗെയ്മുകളോടുള്ള അപകടകരമായ താത്പര്യം ഇല്ലാതാക്കുന്നതിനും നേരത്തെ ചൈന നിയമം പാസാക്കിയിരുന്നു. കുട്ടികളുടെ ശാരീരിക മാനസിക വളർച്ച ശരിയായ രീതിയിലാണെന്ന് ഉറപ്പു വരുത്താൻ കർശന നിയമങ്ങളാണ് അടുത്തിടെയായി ചൈനീസ് സർക്കാർ നടപ്പിലാക്കി വരുന്നത്. കുട്ടികൾക്ക് ഓൺലൈൻ ഗെയ്മുകൾ കളിക്കുന്നതിനുള്ള സമയം ആഴ്ചയിൽ മൂന്ന് ദിവസം ഒരു മണിക്കൂർ വീതമാണ്. കുട്ടികൾക്കുള്ള ഹോം വർക്കിനും ,​ സ്കൂൾ വിട്ടതിന് ശേഷവും അവധി ദിവസങ്ങളിലുമുള്ള പ്രൈവറ്റ് ട്യൂഷനും സർക്കാർ അടുത്തിടെ നിയന്ത്രണങ്ങളേർപ്പെടുത്തിയിരുന്നു.