ആനവണ്ടിയിൽ സ്ഥിരം യാത്ര ചെയ്യുന്നവർക്ക് കോളടിച്ചു, ടിക്കറ്റ് നിരക്കിൽ ഇളവുകളോടെ ഉടനെത്തും സ്മാർട്ട് ട്രാവൽ കാർഡുകൾ 

Wednesday 20 October 2021 12:21 PM IST

തിരുവനന്തപുരം : സ്ഥിരം യാത്രക്കാർക്ക് സ്മാർട് കാർഡ് നൽകാനൊരുങ്ങി കെ എസ് ആർ ടി സി. കൊവിഡ് ആരംഭിച്ചതോടെ സ്ഥിരം യാത്രക്കാരിലുണ്ടായ കൊഴിഞ്ഞു പോക്ക് അവസാനിപ്പിക്കുവാനാണ് പുതിയ തീരുമാനം. സ്ഥിരം യാത്രക്കാരിൽ നല്ലൊരു പങ്കും വർക്ക് ഫ്രം ഹോം ആയതോടെ യാത്ര ഒഴിവാക്കുകയോ, കൊവിഡ് ഭീതിയിൽ സ്വന്തം വാഹനങ്ങളിൽ യാത്ര ആരംഭിക്കുകയും ചെയ്തതോടെയാണ് കെ എസ് ആർ ടി സിയുടെ വരുമാനത്തിൽ ഇടിവുണ്ടായത്. എന്നാൽ ഇപ്പോൾ പെട്രോൾ ഡീസൽ വില കത്തി നിൽക്കുന്നതിനാൽ സ്മാർട്ട് ട്രാവൽകാർഡുകളിലൂടെ യാത്രക്കാരെ തിരികെ ആകർഷിക്കാമെന്ന കണക്കുകൂട്ടലിലാണ് കെ എസ് ആർ ടി സി.

പരീക്ഷണം തലസ്ഥാനത്ത്
സ്മാർട്ട് ട്രാവൽകാർഡുകളുടെ പരീക്ഷണം ആദ്യ ഘട്ടത്തിൽ തിരുവനന്തപുരം സിറ്റി സർക്കുലർ സർവീസുകളിലാണ് നടപ്പിലാക്കുന്നത്. നവംബർ ഒന്നിനാണ് ഈ സർവീസുകൾ ആരംഭിക്കുന്നത്. ഇതിനായി 5500 ആധുനിക ടിക്കറ്റ് മെഷീനുകളാണ് വാങ്ങുന്നത്. കൂടുതൽ യന്ത്രങ്ങളെത്തുന്നതോടെ മറ്റു ജില്ലകളിലേക്കും പദ്ധതി വ്യാപിക്കും.

ടിക്കറ്റ് നിരക്കിൽ ഇളവ്
ട്രാവൽ കാർഡ് വാങ്ങുന്നവർക്ക് യാത്രയിൽ ഇളവുണ്ടാവും. എന്നാൽ എത്രത്തോളം ഇളവ് നൽകണമെന്നതിൽ അന്തിമ തീരുമാനമായിട്ടില്ല. ടിക്കറ്റെടുക്കുന്നതിന് പകരം ഇത് യാത്രയിൽ ടിക്കറ്റ് മെഷീനിൽ കാണിച്ചാൽ മാത്രം മതി. ട്രാവൽ കാർഡിന്റെ ഒരു വശത്ത് പരസ്യം പതിച്ച് വരുമാനമുണ്ടാക്കാനും ഉദ്ദേശമുണ്ട്, ഇതിലൂടെ ആദ്യം വാങ്ങുമ്പോൾ യാത്രക്കാർക്ക് ഫ്രീയായി കാർഡ് നൽകാൻ കഴിയും. പിന്നീട് ചാർജ് ചെയ്ത് ഉപയോഗിക്കാം.

ട്രാവൽ കാർഡുകൾക്ക് സംഭവിച്ചത്

സ്മാർട് കാർഡുകൾക്ക് മുൻപ് 2017ൽ കെ എസ് ആർ ടി സി ട്രാവൽ കാർഡുകൾ ഉപയോഗിച്ചിരുന്നു. അച്ചടിച്ച കാർഡുകളായിരുന്നു അന്ന് സ്ഥിരം യാത്ര ചെയ്യുന്നവർക്കായി നൽകിയിരുന്നത്. 5000, 3000, 1500, 1000 എന്നിങ്ങനെയായിരുന്നു നിരക്ക്. എന്നാൽ യാത്രാ നിരക്ക് വർദ്ധിച്ചതോടെ പദ്ധതി പിൻവലിക്കുകയായിരുന്നു.

Advertisement
Advertisement