ആദ്യം ജീവൻ ബാക്കിയെല്ലാം പിന്നെ! വെള്ളച്ചാട്ടത്തിൽ വീണവരെ രക്ഷിക്കാൻ മറ്റ് വഴികളൊന്നുമില്ല, തലപ്പാവ് 'കയറാക്കി' രക്ഷാപ്രവ‌ർത്തനം

Wednesday 20 October 2021 12:24 PM IST

സ്വന്തം ജീവൻ വരെ പണയപ്പെടുത്തി അപകടത്തിൽപ്പെട്ടവരെ രക്ഷിക്കാൻ ശ്രമിക്കുന്ന ഒരുപാട് പേരുണ്ട്. ജീവനാണ് ഏറ്റവും പ്രധാനം, മതവും ജാതിയുമൊക്കെ പിന്നെയുള്ള കാര്യം. അത്തരത്തിൽ വെള്ളച്ചാട്ടത്തിൽ വീണ കാൽനടയാത്രക്കാരെ രക്ഷിക്കാൻ സിഖ് മത വിശ്വാസികളായ സുഹൃത്തുക്കൾ തങ്ങളുടെ തലപ്പാവ് (turban)'കയറാക്കിയ' ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

കാനഡയിലാണ് സംഭവം. ബ്രിട്ടീഷ് കൊളംബിയയിലെ ഗോൾഡൻ എയേഴ്‌സ് പ്രൊവിൻഷ്യൽ പാർക്കിലൂടെ കുൽജീന്ദർ കിൻഡ എന്നയാളും നാല് സുഹൃത്തുക്കളും കൂടി നടന്നുപോകുകയായിരുന്നു. ഈ സമയമാണ് വെള്ളച്ചാട്ടത്തിൽ വീണ രണ്ട് പേരെ ഇവർ കാണുന്നത്.കാൽനടയാത്രയ്ക്കിടെ പാറയിൽ കാൽ വഴുതി വെള്ളച്ചാട്ടത്തിന് താഴെയുള്ള കുളത്തിൽ വീണതായിരുന്നു ഇവർ.

അപകടത്തിൽപ്പെട്ടവരെ കണ്ടയുടൻ കിൻഡയും സുഹൃത്തുക്കളും ഇവരെ രക്ഷിക്കാനായി പല വഴികളും നോക്കി. ഫോണിൽ അധികൃതരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല.മറ്റ് വഴികളൊന്നുമില്ലാതായതോടെ തങ്ങളുടെ തലപ്പാവ് അഴിച്ചു. തുടർന്ന് നീളത്തിൽ കയറുപോലെ അവ പരസ്പരം കൂട്ടിക്കെട്ടി.

'അവരെ എങ്ങനെ രക്ഷിക്കാമെന്ന് ഞങ്ങൾ ചിന്തിച്ചു. പക്ഷേ ഒരു മാർഗവും കണ്ടില്ല. തുടർന്നാണ് ഞങ്ങളുടെ തലപ്പാവുകൾ ഒരുമിച്ച് കെട്ടാനുള്ള ആശയം വന്നത്.'-കിൻഡ പറഞ്ഞു. രക്ഷാപ്രവർത്തനത്തിന്റെ വീഡിയോ കിൻഡ വാട്‌സ്ആപ്പിൽ സുഹൃത്തുക്കൾക്ക് പങ്കുവച്ചിരുന്നു. ഇതാണ് ഫേസ്ബുക്ക് ഉൾപ്പടെയുള്ള സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. നിരവധി പേരാണ് ഇവരെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്.

Advertisement
Advertisement