പന്നി വൃക്ക മനുഷ്യ ശരീരത്തിൽ തുന്നിച്ചേർത്തു

Thursday 21 October 2021 2:53 AM IST

വാഷിംഗ്ടൺ: ലോകത്താദ്യമായി മനുഷ്യ ശരീരത്തിൽ പന്നിയുടെ വൃക്ക ഘടിപ്പിച്ചു.

ന്യൂയോർക്കിലെ എൻ.ഐ.യു ലാങ്കോൺ ഹെൽത്തിലാണ് മസ്തിഷ്ക മരണം സംഭവിച്ച യുവതിയുടെ ശരീരത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ പന്നിയുടെ വൃക്ക തുന്നിച്ചേർത്തത്. ശരീരം വൃക്കയെ നിരാകരിച്ചില്ലെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, മൃഗത്തിന്റെ അവയവത്തെ ദീർഘകാലത്തേയ്ക്ക് ഉൾക്കൊള്ളാൻ മനുഷ്യശരീരത്തിനു കഴിയുമോ എന്നുറപ്പായിട്ടില്ല.

ശരീരവുമായി ബന്ധിപ്പിച്ചെങ്കിലും വൃക്ക ഇപ്പോഴും ശരീരത്തിനു പുറത്തു തന്നെയാണ് ഗവേഷകർ സൂക്ഷിച്ചിട്ടുള്ളത്.

പരീക്ഷണം വിജയിച്ചാൽ അവയവമാറ്റത്തിനുള്ള കാത്തിരിപ്പും ലഭ്യതയും വലിയൊരളവോളം പരിഹരിക്കാൻ സാധിക്കുമെന്നാണ് ആരോഗ്യവിദഗദ്ധരുടെ ഭാഷ്യം.
മനുഷ്യശരീരത്തിലെ പ്രതിരോധ സംവിധാനം അവയവം പുറന്തള്ളുന്നത് ഒഴിവാക്കാനായി പ്രത്യേകതരത്തിൽ ജനിതകമാറ്റം വരുത്തിയ പന്നിയുടെ അവയവമാണ് തുന്നിച്ചേർത്തത്. ചില പ്രത്യേക ഘടകങ്ങൾ ഈ അവയവത്തിൽ ഉണ്ടാകില്ലെന്നതിനാൽ മനുഷ്യശരീരം അവയവത്തെ പുറന്തള്ളില്ലെന്ന കണക്കുകൂട്ടലിലാണ് ഗവേഷകർ.


 സാധാരണ നിലയിൽ പ്രവർത്തിക്കുന്നു
മസ്തിഷ്കരമരണം സംഭവിച്ചിരുന്നെങ്കിലും വൃക്ക അടക്കമുള്ള അവയവങ്ങൾ പ്രവർത്തിക്കുന്നുണ്ടായിരുന്നു. വൃക്ക സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്നും മനുഷ്യ വൃക്ക ഉത്പാദിപ്പിക്കുന്ന അളവിൽ തന്നെ മൂത്രം ഉത്പാദിപ്പിക്കുന്നുണ്ടെന്നും ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകിയ ഡോ.റോബർട്ട് മോണ്ടിഗോമറി പറഞ്ഞു. മുൻപ് കുരങ്ങുകളിൽ ഈ പരീക്ഷണം നടത്തിയപ്പോഴും ഇതേ ഫലം തന്നെയാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യ വൃക്കയുടെ പ്രവർത്തനം മോശമായതിനാൽ രോഗിയുടെ ക്രിയാറ്റിൻ നില ഉയർന്ന നിലയിലായിരുന്നുവെന്നും എന്നാൽ ഇപ്പോൾ ഇത് സാധാരണനിലയിലേയ്ക്ക് മടങ്ങിയെന്നും ഡോക്ടർമാർ പറഞ്ഞു.

 ജനിതക മാറ്റം സൃഷ്ടിച്ച അത്ഭുതം

മനുഷ്യശരീരത്തെ അവയവം പുറന്തള്ളാൻ പ്രേരിപ്പിക്കുന്ന ഗ്ലൈക്കൻ എന്ന തന്മാത്ര ഒഴിവാക്കുന്ന തരത്തിൽ ജനിതകമാറ്റം നടത്തിയ ഗാൽസേഫ് എന്ന പന്നിയുടെ അവയവമാണ് മനുഷ്യനിൽ തുന്നിച്ചേർത്തത്. അമേരിക്കയിലെ യുണൈറ്റഡ് തെറാപ്യൂട്ടിക്സ് കോർപിന്റെ റെവിവികോർ യൂണിറ്റാണ് ഈ പന്നിയെ സൃഷ്ടിച്ചത്. ഇത്തരം പന്നികളിൽ നിന്നുള്ള ഭക്ഷ്യവസ്തുക്കൾ ഉപയോഗിച്ചാൽ സാധാരണ പന്നിയിറച്ചിയിൽ നിന്നുണ്ടാകാൻ സാദ്ധ്യതയുള്ള അലർജി ഒഴിവാകും. എന്നാൽ, ഈ പന്നിയുടെ അവയവങ്ങളും ശരീരസ്രവങ്ങളും ഉപയോഗിച്ചുള്ള ചികിത്സയ്ക്ക് ഇപ്പോഴും എഫ്.ഡി.എ അനുമതി ആവശ്യമാണ്. ഇത്തരം പന്നികളിൽ നിന്നുള്ള ഹൃദയവാൽവുകളും ത്വക്കും മനുഷ്യനിൽ ഉപയോഗിക്കാൻ സാധിക്കുമോ എന്ന കാര്യവും ഗവേഷകർപരിശോധിക്കുന്നുണ്ട്. വരുന്ന രണ്ട് വർഷത്തിനുള്ളിൽ ഗുരുതരമായ വൃക്കരോഗമുള്ളവരിൽ പന്നികളുടെ വൃക്ക വച്ചു പിടിപ്പിക്കാൻ സാധിക്കുമെന്നാണ് ഗവേഷകർ പ്രതീക്ഷിക്കുന്നത്.

 അവയവം ലഭിക്കാനുള്ള കാത്തിരിപ്പ്

ആഗോളതലത്തിൽ ലക്ഷക്കണക്കിന് രോഗികളാണ് വൃക്ക ഉൾപ്പെടെയുള്ള അവയവങ്ങൾക്കായി കാത്തിരിക്കുന്നത്. യു.എസിൽ മാത്രം വൃക്ക മാറ്റിവയ്ക്കലിനായി രോഗികൾക്ക് മൂന്ന് മുതൽ അഞ്ച് വർഷം വരെ കാത്തിരിക്കേണ്ടി വരാറുണ്ട്.

Advertisement
Advertisement