കാശ്‌മീരിൽ സൈനികന് വീരമൃത്യു, ഷോപ്പിയാനിലും കുൽഗാമിലുമായി നാല് ഭീകരരെ വധിച്ചു

Thursday 21 October 2021 12:00 AM IST

ശ്രീനഗർ: ജമ്മുകാശ്‌മീരിലെ ഷോപ്പിയാനിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ സൈനികന് വീരമൃത്യു. രണ്ട് സൈനികർക്ക് ഗുരുതര പരിക്കേറ്റു. രണ്ട് ലഷ്‌കർ- ഇ- ത്വയ്ബ ഭീകരർ അടക്കം നാലുപേരെ വധിച്ചു.

ഷോപ്പിയാനിലെ ദ്രഗാഡ് മേഖലയിൽ ഇന്നലെ പുലർച്ചെയുണ്ടായ ഏറ്റുമുട്ടലിൽ ലഷ്കർ ഇ ത്വയ്ബയുടെ അനുബന്ധ സംഘടനയായ ദ റസിസ്റ്റ് ഫ്രണ്ടിന്റെ (ടി.ആർ.എഫ്) ജില്ലാ കമാൻഡർ ആദിൽ അഹ് വാനി, മറ്റൊരു ഭീകരൻ എന്നിവരെ സേന കൊലപ്പെടുത്തി.

പുൽവാമയിൽ കഴിഞ്ഞദിവസം ഉത്തർപ്രദേശിൽ നിന്നുള്ള മരപ്പണിക്കാരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് ആദിലെന്ന് കാശ്‌മീർ പൊലീസ് വ്യക്തമാക്കി.

ഇന്നലെ രാത്രി കുൽഗാമിൽ നടന്ന ഏറ്റുമുട്ടലിലാണ് മറ്റ് രണ്ട് ഭീകരരെ വധിച്ചത്. ഇവരിലൊരാൾ ലഷ്കർ ഇ ത്വയ്ബ കമാൻഡർ ഗുൽസാർ അഹമ്മദ് റഷിയാണെന്ന് തിരിച്ചറിഞ്ഞതായി കാശ്മീർ ഐ.ജി ട്വീറ്റ് ചെയ്തു. വാൻപോയിൽ കഴിഞ്ഞദിവസം രണ്ട് ബീഹാറികളെ വെടിവച്ച് കൊലപ്പെടുത്തിയത് റഷിയുടെ നേതൃത്വത്തിലുള്ള ഭീകരസംഘമാണ്. ദ്രഗാഡിൽ ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് പ്രദേശത്ത് സുരക്ഷാസേന തെരച്ചിൽ നടത്തുകയായിരുന്നു. ഒളിച്ചിരുന്ന ഭീകരർ സേനയ്ക്ക് നേരെ വെടിവച്ചു. തുടർന്ന് സൈന്യം ശക്തമായി തിരിച്ചടിച്ചു.

ഷോപ്പിയാൻ മേഖലയിൽ ഇപ്പോഴും തെരച്ചിൽ തുടരുകയാണ്. കഴിഞ്ഞാഴ്ച രണ്ടാഴ്ചയ്ക്കിടെ ഭീകരരുമായി 12 ഏറ്റുമുട്ടലുകളാണ് ഉണ്ടായത്. ഇതിനകം 17 ഭീകരരെ സൈന്യം വധിച്ചു. കഴിഞ്ഞ പത്തുദിവസമായി പൂഞ്ചിലെ വനമേഖലയിൽ സൈന്യം തെരച്ചിൽ തുടരുകയാണ്.

അതിനിടെ, പഞ്ചാബിലെ ഫിറോസ്‌പൂരിൽ അന്താരാഷ്ട്ര അതിർത്തിക്ക് സമീപത്തുനിന്ന് വൻ ആയുധശേഖരം ബി.എസ്.എഫ് സംഘം പിടിച്ചെടുത്തു. ഇരുപതിലധികം പിസ്റ്റളുകളും തിരകളുമാണ് പിടിച്ചെടുത്തത്. ഇവ പാകിസ്ഥാൻ നിർമ്മിതമാണെന്ന് ബി.എസ്.എഫ് വ്യക്തമാക്കി.