ഹരിപ്പാട്ടെ റോഡിലെ കുഴിയെണ്ണി പ്രതിഭ ഫേസ്ബുക്ക് ലൈവിൽ
കായംകുളം : തന്റെ മണ്ഡലമായ കായംകുളത്ത് മാത്രമല്ല, രമേശ് ചെന്നിത്തലയുടെ മണ്ഡലമായ ഹരിപ്പാട്ടും ദേശീയപാത നിറയെ കുഴികളാണെന്ന് സി.പി.എം എം.എൽ.എ യു പ്രതിഭ. ഇന്നലെ ഉച്ചയ്ക്ക് ദേശീയ പാതയിൽ ഹരിപ്പാട് മാധവ ജംഗ്ഷൻ മുതൽ കൃഷ്ണപുരം വരെ കാറിൽ സഞ്ചരിച്ച് കുഴികളെണ്ണി ഫേസ് ബുക്ക് ലൈവിലൂടെയാണ് പ്രതിഭ ഇക്കാര്യം സമർത്ഥിച്ചത്.
പൊതുമരാമത്ത് വകുപ്പിനെ താറടിക്കാനാണിതെന്ന വിമർശനമുയർന്നിട്ടുണ്ട്. ഇതിന് മുമ്പും പ്രതിഭയുടെ ഫേസ്ബുക്ക് പോസ്റ്റുകൾ വിവാദത്തിലായിട്ടുണ്ട്. 'എന്നെ പെൻഷൻ വാങ്ങിപ്പിക്കാൻ പരിശ്രമിച്ചവർ ദേശീയപാത അതോറിട്ടിയെ കാണുന്നില്ലേ " എന്നായിരുന്നു രണ്ട് ദിവസം മുമ്പത്തെ പോസ്റ്റ്.
കായംകുളത്ത് ദേശീയപാത തകർന്ന് ഗതാഗതയോഗ്യമല്ലാതായതും അപകടങ്ങൾ കൂടുന്നതും വാർത്തയായതോടെ, കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസുകാർ റോഡിലെ കുഴികൾ അടച്ചിരുന്നു. രാത്രിയിൽ നാട്ടുകാർ ദേശീയപാത ഉപരോധിച്ചു. ഇതാണ് പ്രതിഭയെ പ്രകോപിപ്പിച്ചതെന്നാണ് കരുതുന്നത്. തുടർന്നാണ് ഇന്നലെ രാവിലെ 11 മുതൽ പന്ത്രണ്ടേകാൽ വരെ കുഴികളെണ്ണിയത്. ഹരിപ്പാട് ടൗണിൽ ഉൾപ്പെടെ ദേശീയപാത തകർന്നു കിടക്കുകയാണെന്ന് കുഴികൾ ചൂണ്ടിക്കാട്ടി പ്രതിഭ പറയുന്നു. കായംകുളത്തും കുഴികൾ എണ്ണിയെങ്കിലും ഇവയിൽ അറ്റകുറ്റപ്പണി നടത്തിയെന്ന് വിശദീകരിക്കുന്നുമുണ്ട്. ദേശീയ പാത അതോറിട്ടിക്കാണ് അറ്റകുറ്റപ്പണികളുടെ ചുമതല. സംസ്ഥാന സർക്കാർ അറ്റകുറ്റപ്പണി ചെയ്യാൻ തയ്യാറാണെങ്കിലും ദേശീയ പാത അതോറിട്ടി അനുവദിക്കുന്നില്ലന്നും പ്രതിഭ ലൈവിൽ പറഞ്ഞു. അപകടങ്ങൾ കുറയ്ക്കാൻ രാത്രിയിൽ വേഗത കുറയ്ക്കണമെന്ന ഉപദേശവുമുണ്ട്.മിണ്ടാതെ, അനങ്ങാതെയിരിക്കുന്ന ജനപ്രതിനിധിയല്ലെന്നും, കൃത്യമായ ഇടപെടൽ നടത്തിയിട്ടുണ്ടന്നും പറഞ്ഞാണ് ലൈവ് അവസാനിപ്പിച്ചത്.
കഴിഞ്ഞ മാസം സ്പീക്കർ എം.ബി രാജേഷിന്റെ കാർ കായംകുളത്ത് ഗട്ടറിൽ വീണ് പഞ്ചറായതോടെയാണ് ,റോഡിന്റെ തകർച്ച ചർച്ചയായത്.