കോടികളുടെ ക്രമക്കേട്: കെ.എസ്.ആർ.ടി.സി ചീഫ് എൻജിനിയർ ആർ. ഇന്ദുവിനെ സസ്പെൻഡ് ചെയ്യും

Thursday 21 October 2021 12:45 AM IST

തിരുവനന്തപുരം: കരാറുകാരെ വഴിവിട്ട് സഹായിച്ച് കെ.എസ്.ആർ.ടി.സിക്ക് കോടികളുടെ നഷ്ടമുണ്ടാക്കിയെന്ന ആരോപണത്തിന് വിധേയയായ ചീഫ് എൻജിനിയർ ആർ. ഇന്ദുവിനെ സസ്‌പെൻഡ് ചെയ്യാൻ നിർദ്ദേശം നൽകിയതായി മന്ത്രി ആന്റണി രാജു അറിയിച്ചു. നിലവിൽ കേരള ലാൻഡ് ഡെവലപ്‌മെന്റ് കോർപ്പറേഷനിൽ ഡെപ്യൂട്ടേഷനിൽ ജോലി ചെയ്യുകയാണ്. തിരുവനന്തപുരം ബലവാൻ നഗർ സ്വദേശിയായ ഇന്ദുവിനെതിരെ വിജിലൻസ് അന്വേഷണത്തിനും ഉത്തരവുണ്ടാകും.
ഇന്ദുവിന്റെ മേൽനോട്ടത്തിൽ നിർമ്മിച്ച എറണാകുളം ഡിപ്പോയിലെ കാരയ്ക്കാമുറി അഡ്മിനിസ്‌ട്രേഷൻ ബ്ലോക്ക് കെട്ടിടം 1.32 കോടിയുടെ നഷ്ടമാണ് സ്ഥാപനത്തിനുണ്ടാക്കിയത്. അടിസ്ഥാനം താഴ്ന്നുപോയ കെട്ടിടം ഉപയോഗിക്കാൻ കഴിഞ്ഞിട്ടില്ല. അടിത്തറയ്ക്ക് ഉറപ്പുണ്ടെന്ന് പരിശോധിക്കാതെ ചീഫ് എൻജിനിയറുടെ നേതൃത്വത്തിലുള്ള സിവിൽ വിഭാഗം കരാറുകാരന് പണം നൽകാൻ ശുപാർശ ചെയ്തതായി, ധനകാര്യവിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തി. ഹരിപ്പാട്, തൊടുപുഴ, കണ്ണൂർ, ചെങ്ങന്നൂർ, മൂവാറ്റുപുഴ എന്നീ ഡിപ്പോകളുടെ നിർമ്മാണത്തിലെ ക്രമക്കേടുകളെക്കുറിച്ചും അന്വേഷിക്കും.

സിവിൽ വിഭാഗത്തിലെ അഴിമതിയെക്കുറിച്ച് 2014 അക്കൗണ്ടന്റ് ജനറലിന്റെ റിപ്പോർട്ടിൽ പരാമർശമുണ്ടായെങ്കിലും ഉദ്യോഗസ്ഥരെ രക്ഷിക്കാൻവേണ്ടി കെ.എസ്.ആർ.ടി.സി അധികൃതർ ഇതൊളിപ്പിച്ചിരുന്നു. ടോമിൻ തച്ചങ്കരി മേധാവിയായിരുന്നപ്പോഴാണ് സിവിൽ വിഭാഗത്തിലെ ക്രമക്കേടുകൾ കണ്ടെത്തിയത്. ചീഫ് എൻജിനിയറായ ഇന്ദുവിനെ ഇതേത്തുടർന്ന് ചുമതലകളിൽ നിന്ന് മാറ്റി നിറുത്തുകയും സിവിൽ വിഭാഗത്തിന്റെ പ്രവർത്തനം മരവിപ്പിക്കുകയും ചെയ്തു. പിന്നീട് സ്ഥാനമേറ്റ ബിജുപ്രഭാകർ ഇന്ദുവിനോട് അവധിയിൽ പോകാൻ നിർദേശിച്ചു. തുടർന്നാണ് ഡെപ്യൂട്ടേഷനിൽ പോയത്.

Advertisement
Advertisement