ക്യാമ്പുകളിൽ ആരോഗ്യ സേവനങ്ങൾ ഉറപ്പുവരുത്തി: ഡി.എം.ഒ

Thursday 21 October 2021 3:34 AM IST

കൊവിഡ് പരിശോധനയ്ക്കും വാക്സിനേഷനും സൗകര്യം

തിരുവനന്തപുരം: മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ ആരംഭിച്ച ക്യാമ്പുകളിൽ ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഉറപ്പുവരുത്തിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ.എസ്. ഷിനു അറിയിച്ചു. ക്യാമ്പിൽ എത്തുന്നവർക്കുള്ള കൊവിഡ് പരിശോധന അതത് ക്യാമ്പുകളിൽ തന്നെ സജ്ജീകരിച്ചു. വാക്സിൻ എടുക്കാതെ എത്തുന്നവർക്ക് വാക്സിൻ നൽകാൻ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ സൗകര്യമൊരുക്കി. മെഡിക്കൽ ഓഫീസർമാരും ആരോഗ്യ പ്രവർത്തകരും ക്യാമ്പുകളിലെത്തി ജീവിതശൈലീ രോഗങ്ങൾ ഉൾപ്പെടെ പരിശോധിച്ച് ആവശ്യമായവർക്ക് മരുന്നുകൾ വിതരണം ചെയ്യുന്നുണ്ട്.

ഹെൽത്ത് സൂപ്പർവൈസർമാരുടെയും നഴ്സുമാരുടെയും സേവനവും ഉറപ്പുവരുത്തി. വെള്ളക്കെട്ട് നിറഞ്ഞ പ്രദേശങ്ങളിൽ നിന്ന് ക്യാമ്പുകളിൽ എത്തുന്നവർക്ക് എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിൻ നൽകുന്നുണ്ട്. ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കും ഇതോടൊപ്പം ഡോക്സിസൈക്ലിൻ നൽകും. ദുരിതാശ്വാസക്യാമ്പ് സന്ദർശിക്കുന്നവരും സന്നദ്ധസേവകരും ക്യാമ്പിൽ കഴിയുന്നവരും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്ന് ഡി.എം.ഒ നിർദ്ദേശിച്ചു.

Advertisement
Advertisement