പ്രിയങ്ക ഗാന്ധിക്കൊപ്പം സെൽഫി‌: വനിതാ പൊലീസുകാർക്കെതിരെ കർശന നടപടിക്ക് ഉത്തർപ്രദേശ് പൊലീസ്

Thursday 21 October 2021 10:27 AM IST

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിക്കൊപ്പം സെൽഫിയെടുത്ത വനിതാ പൊലീസുകാർക്കെതിരെ ശക്തമായ നടപടിയെടുക്കാൻ ഉത്തർപ്രദേശ് പൊലീസിന്റെ തീരുമാനം. പ്രിയങ്കയ്‌ക്കൊപ്പം നിൽക്കുന്ന പൊലീസുകാരുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് നടപടിയെടുക്കാൻ ഉന്നത കേന്ദ്രങ്ങൾ തീരുമാനമെടുത്തത്.പ്രിയങ്ക തന്നെയാണ് സെൽഫികൾ ട്വീറ്റുചെയ്തത്. പൊലീസുകാരികൾക്കെതിരെ നടപടിയെടുക്കാനുള്ള തീരുമാനത്തിനെതിരെ പ്രിയങ്ക രംഗത്തെത്തുകയും ചെയ്തു. 'എന്നോടൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത് ഒരു കുറ്റകൃത്യമാണെങ്കിൽ ഞാൻ ശിക്ഷിക്കപ്പെടണം, എന്തിന് വനിതാ കോൺസ്റ്റബിൾമാരെ കുറ്റപ്പെടുത്തണം. ഉത്സാഹമുള്ളവരും വിശ്വസ്തരുമായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ യുപി പൊലീസ് നടപടിയെടുക്കുന്നത് ശരിയല്ല' എന്നായിരുന്നു പ്രിയങ്കയുടെ പ്രതികരണം.

ഇന്നലെ, ആഗ്രയിൽ പൊലീസ് കസ്റ്റഡിയിൽ മരിച്ച ശുചീകരണ തൊഴിലാളിയുടെ കുടുംബത്തെ സന്ദർശിക്കാൻ ശ്രമിച്ച പ്രിയങ്കയെ ലക്നൗ - ആഗ്ര എക്സ്പ്രസ് ഹൈവേയിലെ ആദ്യ ടോൾ പ്ളാസ്ക്ക് മുന്നിൽ യു പി പൊലീസ് തടഞ്ഞിരുന്നു. ഈ സമയത്തായിരുന്നു പൊലീസുകാരികൾ സെൽഫിയെടുത്തത്. കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിലുള്ള ഏറെ നേരത്തെ സംഘർഷത്തിന് ശേഷം ലക്‌നൗവിലെ പൊലീസ് ആസ്ഥാനത്തേക്ക് മാറ്റിയ പ്രിയങ്കയ്ക്കും മറ്റ് അഞ്ച് പേർക്കും വൈകുന്നേരത്തോടെ സന്ദർശനാനുമതി നൽകുകയായിരുന്നു. ക്രമസമാധാനപ്രശ്നമുണ്ടാവുമെന്ന് ചൂണ്ടിക്കാട്ടി ആഗ്ര ജില്ലാ മജിസ്ട്രേറ്റ് പുറപ്പെടുവിച്ച ഉത്തരവിനെ തുടർന്നാണ് പൊലീസ് തടഞ്ഞത്.

പണം മോഷ്ടിച്ചതായി ആരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത ശുചീകരണ തൊഴിലാളി അരുൺ വാത്മീകി മരിച്ചതിനെ തുടർന്ന് അയാളുടെ കുടുംബത്തെ സന്ദർശിക്കാനാണ് പ്രിയങ്ക പുറപ്പെട്ടത്. ഒരു മാസത്തിനിടെ പ്രിയങ്കയെ രണ്ടാം തവണയാണ് യു പി പൊലീസ് തടയുന്നത്.

Advertisement
Advertisement