ആര്യൻ ഖാന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മുംബയ് ഹൈക്കോടതി ചൊവ്വാഴ്ചയിലേയ്ക്ക് മാറ്റി

Thursday 21 October 2021 11:23 AM IST

മുംബയ്: ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് ഒക്ടോബർ മൂന്ന് മുതൽ കസ്റ്റഡിയിൽ തുടരുന്ന ആര്യൻ ഖാന്റെ ജാമ്യാപേക്ഷ അടുത്ത ചൊവ്വാഴ്ച്ച പരിഗണിക്കുമെന്ന് മുംബയ് ഹൈക്കോടതി. അഡ്വക്കേറ്റ് സതീഷ് മനേഷിൻഡെ ജസ്റ്റിസ് നിതിൻ ഡബ്ല്യൂ സാംബ്രേയുടെ സിംഗിൾ ബ‌ഞ്ചിന് മുമ്പാകെ സമർപ്പിച്ച ഹർജിയിലാണ് കോടതി മറുപടി നൽകിയത്. കൂട്ടുപ്രതിയായ മുൻമുൻ ദമേച്ചയുടെ ജാമ്യവും 26ന് പരിഗണിക്കും. ആര്യന്റെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസവും മുംബയ് സ്പെഷ്യൽ കോടതി തള്ളിയിരുന്നു.

ആര്യൻ ഖാനെ കാണാൻ മുംബയ് ആർതർ റോഡിലെ ജയിലിൽ ഷാരൂഖ് എത്തിയിരുന്നു. ഒക്ടോബർ മൂന്നിന് അറസ്റ്റിലായതിനുശേഷം ആദ്യമായാണ് ഷാരൂഖ് മകനെ കാണുന്നത്.ഏകദേശം 20 മിനിട്ടോളം ഷാരൂഖ് ജയിലിൽ ചിലവഴിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തിൽ മഹാരാഷ്ട്ര സർക്കാർ ഏർപ്പെടുത്തിയിരുന്ന സന്ദർശന വിലക്കിന് അ‌യവുവന്നതിന് പിന്നാലെയാണ് മകനെ കാണാൻ ഷാരൂഖ് ജയിലിലെത്തിയത്. രണ്ട് തവണയും സ്പെഷ്യൽ കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് ആര്യൻ ഖാൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ആര്യന്റെ ജുഡീഷ്യൽ കസ്റ്റഡി ഇന്നവസാനിക്കും.

കഴി‌‌‌ഞ്ഞ ദിവസം ആര്യൻ മാതാപിതാക്കളായ ഷാരൂഖിനോടും ഗൗരി ഖാനോടും വീഡിയോ കോളിലൂടെ സംസാരിച്ചിരുന്നു. ആര്യൻ ഖാന്റെ വാട്ട്സാപ്പ് ചാറ്റുകളിൽ നിന്ന് അനധികൃത ലഹരി മരുന്ന് ഇടപാടുകളിൽ ബന്ധമുണ്ടെന്ന് തെളിയുന്നതായി ചൂണ്ടിക്കാണിച്ചാണ് ആര്യന്റെ ജാമ്യാപേക്ഷ തള്ളിയത്. ആര്യൻ ഖാനും ലഹരി മരുന്ന് വിതരണക്കാരും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും കോടതി പറഞ്ഞു. ആര്യനിൽ നിന്നും ലഹരി മരുന്ന് കണ്ടെത്തിയിലെങ്കിലും സുഹൃത്ത് അർബാസ് മെർച്ചന്റിന്റെ ഷൂസിൽ ആറ് ഗ്രാം ചരസ് ഒളിപ്പിച്ചിരുന്നത് ആര്യന് അറിയാമായിരുന്നത് ബോധപൂർവ്വമായ കൈവശാവകാശമാകുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

Advertisement
Advertisement