മകനെ കാണുന്നതിന് ഷാരൂഖ് ജയിലിലെത്തിയതിനു പിന്നാലെ എൻ സി ബി ഉദ്യോഗസ്ഥർ വീട്ടിലെത്തി

Thursday 21 October 2021 1:07 PM IST

മുംബയ്: മകനെ കാണുന്നതിനു വേണ്ടി ഷാരൂഖ് ഖാൻ ജയിലിൽ എത്തിയതിനു തൊട്ടുപിന്നാലെ താരത്തിന്റെ മുംബയിലെ വീടായ മന്നത്തിൽ എൻ സി ബി ഉദ്യോഗസ്ഥരെത്തി. റെയ്ഡിനു വേണ്ടിയല്ല മറിച്ച് ചില രേഖകളിൽ ഒപ്പിടുന്നതിനു വേണ്ടിയാണ് എത്തിയതെന്ന് എൻ സി ബി അധികൃതർ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഷാരൂഖിന്റെ വീടിനു പുറമേ ബോളിവുഡ് താരം അനന്യ പാണ്ഡേയുടെ വീട്ടിലും എൻ സി ബി രാവിലെ റെയ്ഡ് നടത്തിയിരുന്നു. അനന്യ പാണ്ഡേയെ ചോദ്യം ചെയ്യലിനായി എൻ സി ബിയുടെ മുംബയിലെ ഓഫീസിലേക്ക് വിളിപ്പിച്ചു.

ലഹരി മരുന്ന് കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന മകൻ ആര്യൻ ഖാനെ കാണുന്നതിന് ഷാരൂഖ് ഖാൻ ഇന്ന് രാവിലെ ആർതർ റോഡ് ജയിലിൽ എത്തിയിരുന്നു. ആര്യൻ ഖാന്റെ അറസ്റ്റിനു ശേഷം ആദ്യമായാണ് ഇരുവരും തമ്മിൽ കാണുന്നത്. കഴിഞ്ഞ ദിവസം ആര്യൻ ഖാന്റെ ജാമ്യാപേക്ഷ മുംബയ് പ്രത്യേക എൻ ഡി പി എസ് കോടതി തള്ളിയിരുന്നു. ആര്യൻ ഖാനൊപ്പം കൂട്ടുപ്രതികളായ ധമേച്ച, അർബാസ് എന്നിവരുടെ ജാമ്യാപേക്ഷകളും കോടതി തള്ളി.