മരക്കാർ ഒ ടി ടി റിലീസിലേക്ക്, ആമസോണുമായി ചർച്ച നടത്തി; തീരുമാനം തിയേറ്റർ ഉടമകൾ അംഗീകരിക്കില്ലെന്ന് ലിബർട്ടി ബഷീർ

Thursday 21 October 2021 1:08 PM IST

പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനാവുന്ന 'മരക്കാർ അറബിക്കടലിന്റെ സിംഹം' എന്ന സിനിമ ഒ ടി ടി റിലീസിനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ.റിലീസുമായി ബന്ധപ്പെട്ട് ആമസോണുമായി ചർച്ച നടത്തിയെന്നാണ് സൂചന.മുംബയിൽവച്ച് ആമസോൺ പ്രതിനിധികൾ സിനിമ കണ്ടുവെന്നും റിപ്പോർട്ടുകളുണ്ട്.

തിയേറ്ററിലേ സിനിമ റിലീസ് ചെയ്യുകയുള്ളൂവെന്നായിരുന്നു അണിയറപ്രവർത്തകർ പറഞ്ഞിരുന്നത്. എന്നാൽ തിയേറ്ററുകൾ തുറന്നാലും അൻപത് ശതമാനം പേർക്ക് മാത്രം പ്രവേശനം അനുവദിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഒ ടി ടിയിൽ റിലീസ് ചെയ്യാനൊരുങ്ങുന്നത്. ക്രിസ്മസിന് സിനിമ പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് സൂചന.

തിയേറ്റർ ഉടമകൾ തീരുമാനം അംഗീകരിക്കില്ലെന്ന് നിർമാതാവും ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷൻ പ്രസിഡന്റുമായ ലിബർട്ടി ബഷീർ പ്രതികരിച്ചു. 'മോഹൻലാലിന്റെ കഴിഞ്ഞ പടം ഒടിടിയിൽ റിലീസ് ചെയ്തപ്പോഴെ നിരാശയായിരുന്നു. നാൽപത് കോടിയോളം കേരളത്തിലെ തിയേറ്ററുകളിൽ നിന്ന് അഡ്വാൻസ് വാങ്ങിയിട്ട്, അവർക്കങ്ങനെ പെട്ടെന്ന് കൊടുക്കാൻ പറ്റില്ല. എഗ്രിമെന്റ് വെച്ച് അഡ്വാൻസ് വാങ്ങിയതാണ്. ചേംബറിൽ അവർ എഴുതിക്കൊടുത്തിട്ടുണ്ട്. ചേംബറിലെ പുതിയ നിയമം എന്താണെന്ന് വച്ചാൽ തിയേറ്റർ ഉടമകൾക്കോ, വിതരണക്കാർക്കോ ആർക്ക് ബാദ്ധ്യതയുണ്ടെങ്കിലും ആ പടം പുറത്ത് കൊടുക്കാൻ പാടില്ല. അങ്ങനെ ചെയ്താൽ സിനിമ ഇൻഡസ്ട്രിയിൽ നിന്ന് ആ കമ്പനി പുറത്താകും. ചേംബറും എല്ലാവരും കൂടെ തിയേറ്ററുകാരെ വഞ്ചിച്ചാൽ നമുക്ക് നിസഹായരായി നിൽക്കാനേ പറ്റൂ. ആ സിനിമ തിയേറ്ററിൽ തന്നെ പ്രദർശിപ്പിക്കണമെന്നാണ് പ്രിയദർശന്. ആന്റണി പെരുമ്പാവൂരിനും മോഹൻലാലിനും കൊടുക്കണമെന്ന് ഉദ്ദേശമുണ്ടെങ്കിലും സംവിധായകൻ അത് സമ്മതിക്കുമെന്ന് തോന്നുന്നില്ല. എന്റെ വിശ്വാസമാണ് അത്.'- ലിബർട്ടി ബഷീർ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.

100 കോടി രൂപ മുതൽമുടക്കിലാണ് മരക്കാർ നിർമിച്ചത്. മോഹൻലാലിനൊപ്പം വൻതാരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. പ്രഭു, സുനിൽ ഷെട്ടി, അർജുൻ, പ്രണവ് മോഹൻലാൽ, മഞ്ജു വാര്യർ, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Advertisement
Advertisement