ഇന്ത്യൻ ജനതയെ സംരക്ഷിക്കുവാനുള്ള താങ്കളുടെ ശ്രമങ്ങൾക്ക് അഭിനന്ദനങ്ങൾ, നൂറ് കോടി വാക്സിൻ നേട്ടത്തിൽ മോദിയെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന

Thursday 21 October 2021 2:56 PM IST

ന്യൂഡൽഹി: നൂറ് കോടി വാക്സിനേഷനുകൾ എന്ന കടമ്പ മറികടന്ന ഇന്ത്യയേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും പ്രശംസിച്ച് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ തെദ്രോസ് അദാനോം ഖെബ്രെയെസുസ്. ഇന്ത്യയിലെ ജനങ്ങളെ സംരക്ഷിക്കുന്നതിനും വാക്സിനേഷൻ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും വേണ്ടിയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ശാസ്ത്രജ്ഞരുടേയും ആരോഗ്യപ്രവർത്തകരുടേയും ശ്രമങ്ങൾക്ക് അഭിനന്ദനങ്ങൾ എന്ന് തെദ്രോസ് ട്വീറ്റ് ചെയ്തു. ഇന്ത്യ നൂറ് കോടി വാക്സിനേഷനുകൾ പൂർത്തിയാക്കിയെന്ന് അറിയിച്ചു കൊണ്ടുള്ള മോദിയുടെ ട്വീറ്റ് ഷെയർ ചെയ്തു കൊണ്ടാണ് ലോകാരോഗ്യ സംഘടനയുടെ തലവൻ പ്രധാനമന്ത്രിയെ അഭിനന്ദിച്ചത്.

ഇന്ന് രാവിലെയാണ് 100 കോടി വാക്സിനേഷനുകൾ എന്ന കടമ്പ ഇന്ത്യ കടന്നത്. ഒൻപത് മാസം കൊണ്ടാണ് ഈ നേട്ടം രാജ്യം സ്വന്തമാക്കിയത്. ഇന്ത്യയിൽ ഇതു വരെ 70 കോടി 68 ലക്ഷം പേർക്ക് ആദ്യ ഡോസും 29 കോടി 15 ലക്ഷം പേർക്ക് രണ്ടാം ഡോസ് വാക്സിനും നൽകിയെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

ചരിത്ര നിമിഷത്തിന്റെ ഭാഗമായി വലിയ ആഘോഷ പരിപാടികൾക്ക് സർക്കാർ തുടക്കം കുറിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി. രാജ്യത്തെ വിമാനങ്ങൾ, കപ്പൽ, ട്രെയിനുകളിൽ എന്നിവിടങ്ങളിൽ നൂറ് കോടി ഡോസ് വാക്സിൻ കടന്നതിന്റെ പ്രഖ്യാപനം നടത്തി. ബുധനാഴ്ച്ച വരെ 99.70 കോടി ഡോസുകളാണ് നൽകിയത്.