ആമീർ ഖാന്റെ പരസ്യം ഹിന്ദു വിരുദ്ധം,​ പള്ളികളിൽ നിന്നുള്ള ശബ്ദമലിനീകരണവും ചർച്ച ചെയ്യണമെന്ന് ബി ജെ പി എം പി

Thursday 21 October 2021 5:09 PM IST

ബംഗളൂരു: ആമീർ ഖാൻ അഭിനയിച്ച സിയറ്റ് ടയറിന്റെ പുതിയ പരസ്യം ഹിന്ദുക്കൾക്കിടയിൽ അസ്വസ്ഥത സൃഷ്ടിക്കുന്നുവെന്ന് ബി ജെ പി എം പി അനന്ത്കുമാർ ഹെഗ്ഡെ. തെരുവുകളിൽ പടക്കം പൊട്ടിക്കരുതെന്ന സന്ദേശം നൽകുന്ന പരസ്യത്തിൽ എതിർപ്പ് പ്രകടിപ്പിച്ച എം പി, നിസ്കാര സമയത്ത് മുസ്ലീം പള്ളികളിൽ നിന്നുള്ള ഉയർന്ന ശബ്ദത്തെകുറിച്ചും റോഡുകൾ തടഞ്ഞ് നിസ്കാരം നടത്തുന്നതിനെകുറിച്ചും കമ്പനി ബോധവാൻമാരാകണമെന്ന് ചൂണ്ടിക്കാട്ടി.

സിയറ്റ് കമ്പനി എംഡിയും സി ഇ ഒയുമായ ആനന്ദ് വർദ്ധൻ ഗോയങ്കയ്ക്ക് അയച്ച കത്തിലാണ് ഇക്കാര്യങ്ങൾ പരാമർശിച്ചത്. ഭാവിയിൽ കമ്പനി ഹിന്ദു വികാരത്തെ മാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കത്തിൽ കൂട്ടിചേർത്തു. കഴിഞ്ഞ ഒക്ടോബർ പതിന്നാലിനാണ് എം പി കമ്പനിയ്ക്ക് കത്തയച്ചത്. ഒരുകൂട്ടം ഹിന്ദു വിരുദ്ധ അഭിനേതാക്കൾ എപ്പോഴും ഹിന്ദുക്കളുടെ വികാരങ്ങളെ സ്ഥിരമായി വ്രണപ്പെടുത്തുന്നുവെന്നും എന്നാൽ സ്വന്തം സമുദായത്തിലെ തെറ്റുകൾ ചൂണ്ടിക്കാണിക്കാൻ തയ്യാറാകുന്നില്ലെന്നും ഹെഗ്ഡെ ആരോപിച്ചു.

പരസ്യത്തിൽ റോഡിൽ പടക്കം പൊട്ടിക്കുന്ന യുവാക്കളോട് ശബ്ദമലിനീകരണത്തിന്റെ ദൂഷ്യവശങ്ങൾ ആമീർ ഖാൻ പറയുന്നതായി കാണിക്കുന്നുണ്ട്. ഇതാണ് കർണാടകത്തിൽ നിന്നുള്ള എം പിയെ പ്രകോപിപ്പിച്ചത്.