സ്ത്രീകൾ വൈസ് പ്രസിഡന്റുമാരാകണമെന്ന് നിർബന്ധമില്ല,​ മാനദണ്ഡമാക്കിയത് കഴിവ്,​ പാർട്ടിയെ സ്നേഹിക്കുന്നവർ തെരുവിലിറങ്ങില്ലെന്ന് കെ സുധാകരൻ

Thursday 21 October 2021 10:08 PM IST

തിരുവനന്തപുരം: കെ.പി.സി.സി ഭാരവാഹികളെ തിരഞ്ഞെടുത്തത് കഴിവ് മാനദണ്ഡമാക്കിയാണെന്ന് പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുധാകരൻ വ്യക്തമാക്കി. എല്ലാ വിഭാഗത്തിനും പട്ടികയിൽ മതിയായ പ്രാതിനിധ്യം നൽകിയിട്ടുണ്ട്. അസംതൃപ്തി ഉള്ളവർ ഉണ്ടാകാമെന്നും പാർട്ടിയാണ് വലുതെന്ന് കരുതുന്നവർ തെരുവിലിറങ്ങില്ലെന്നും സുധാകരൻ പറഞ്ഞു.

മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടിയോടും രമേശ് ചെന്നിത്തലയോടും ചർച്ച നടത്തിയതാണ് പട്ടിക തയ്യാറാക്കിയത്. കെ.സി. വേണുഗോപാൽ ലിസ്റ്റിൽ ഇടപെട്ടില്ല. ഗ്രൂപ്പിൽ ഉള്ളവർ തന്നെയാണ് പട്ടികയിലുള്ളത്. എന്നാൽ നേതാക്കളെ തിരഞ്ഞെടുത്തതിന്റെ മാനദണ്ഡം കഴിവ് തന്നെയായിരുന്നു.സ്ത്രീ- സാമുദായിക സംവരണവുമടക്കം വിഭാഗത്തിനും മതിയായ പ്രാതിനിധ്യം നൽകിയിട്ടുണ്ട്. കേരളത്തിൽ നിന്നും നൽകിയ പട്ടികയിൽ ഹൈക്കമാൻഡ് ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും പട്ടികയ്ക്ക് എതിരെ എതിർപ്പുകൾ ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീകൾ വൈസ് പ്രസിഡന്റുമാരായി വേണമെന്ന് നിർബന്ധമില്ലെന്നും സെക്രട്ടിമാരുടെ പട്ടിക വരുമ്പോൾ കൂടുതൽ സ്ത്രീ പ്രാതിനിധ്യമുണ്ടാകുമെന്നും സുധാകരൻ വ്യക്തമാക്കി. രമണി പി നായരെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു.എന്നാൽ തിരഞ്ഞെടുപ്പിലെ ചില കാരണങ്ങൾ രമണിയുടെ പേര് പിൻവലിക്കാൻ കാരണമായി. സുമ ബാലകൃഷ്ണൻ പാർട്ടിയിൽ സജീവമാകാൻ പറ്റുന്ന സാഹചര്യത്തിൽ ഇല്ല. പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലെങ്കിലും എ.വി. ഗോപിനാഥ് പാർട്ടിക്കൊപ്പമാണെന്നും സുധാകരൻ അവകാശപ്പെട്ടു

Advertisement
Advertisement