ഗൗരി ലങ്കേഷ് വധം: മോഹൻ നായിക്ക് കുറ്റക്കാരനെന്ന് സുപ്രീംകോടതി

Friday 22 October 2021 12:00 AM IST

ന്യൂഡൽഹി: ഗൗരിലങ്കേഷിനെ കൊലപ്പെടുത്തിയ പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ച മോഹൻ നായിക്കിനെതിരെ സംഘടിത കുറ്റംകൃത്യം തടയൽ നിയമം ചുമത്തണമെന്ന് സുപ്രീംകോടതി. ഇയാളെ ഈ വകുപ്പിൽ നിന്നൊഴിവാക്കിയതിനെതിരെ ഗൗരി ലങ്കേഷിന്റെ സഹോദരി കവിത ലങ്കേഷ് സുപ്രീംകോടതിയിൽ നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ നിർദ്ദേശം.

ഗൗരിലങ്കേഷിനെ കൊലപ്പെടുത്തിയ പരശുറാം വാംഗ്‌മോറെ അടക്കം 19 പേർ അറസ്റ്റിലായിരുന്നുവെങ്കിലും ഇവരുടെ വിചാരണ ആരംഭിച്ചിരുന്നില്ല. മോഹൻ നായിക്കിനെതിരെ സംഘടിത കുറ്റകൃത്യം തടയൽ നിയമം (കെ.സി.ഒ.സി.എ) ചുമത്തിയത് റദ്ദാക്കിയ കർണാടക ഹൈക്കോടതി വിധിയാണ് ജസ്റ്റിസുമാരായ എ.എം. ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി, സി.ടി. രവികുമാർ എന്നിവർ ഉൾപ്പെട്ട ബെഞ്ച് റദ്ദാക്കിയത്. കർണാടക ഹൈക്കോടതി നടപടിക്കെതിരെ കവിത ലങ്കേഷ് നൽകിയ ഹർജിയിൽ സെപ്തംബർ 21ന് വാദം പൂർത്തിയാക്കിയ ശേഷം സുപ്രീംകോടതി വിധി പറയുന്നതിനായി മാറ്റി വയ്ക്കുകയായിരുന്നു.