അനുപമയ്‌ക്ക് കുഞ്ഞിനെ കിട്ടണമെന്നതാണ് പാർട്ടിയുടെ നിലപാട്; പരാതി സിപിഎം പാർട്ടി സെക്രട്ടറിയേറ്റ് ചർച്ച ചെയ്‌തെന്ന് ആനാവൂർ നാഗപ്പൻ

Friday 22 October 2021 9:12 AM IST

തിരുവനന്തപുരം: എസ്.എഫ്.ഐ മുൻ നേതാവ് അനുപമ.എസ്.ചന്ദ്രന്റെ കുഞ്ഞിനെ തിരികെ ലഭിക്കുന്നതിന് നൽകിയ പരാതിയിൽ വിശദീകരണവുമായി സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. പരാതി വന്നതിന് പിന്നാലെ പാർട്ടി സെക്രട്ടറിയേറ്റ് വിഷയം ചർച്ച ചെയ്‌തിരുന്നു. അമ്മയ്‌ക്ക് കുഞ്ഞിനെ കിട്ടണം എന്നുതന്നെയാണ് പാർട്ടി നിലപാടെന്ന് ആനാവൂർ നാഗപ്പൻ പറഞ്ഞു.

സംഭവം അറിഞ്ഞയുടൻ അനുപമയുടെ അച്ഛനും സിപിഎം ഏരിയ കമ്മി‌റ്റി അംഗവുമായ പി.എസ് ജയചന്ദ്രനുമായി വിഷയം സംസാരിച്ചിരുന്നു. അനുപമയുടെ ഭർത്താവ് അജിത്തിന്റെ അച്ഛനോടും മകനെ പറഞ്ഞ് വിലക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായും ആനാവൂർ നാഗപ്പൻ പറഞ്ഞു. താൻ അനുപമയുമായി നേരിട്ട് വിഷയത്തിൽ ഇടപെട്ടിട്ടില്ല. അനുപമയുടെ അച്ഛനുമായി വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് ഫോണിൽ വിളിച്ച് സംസാരിക്കുക മാത്രമാണുണ്ടായതെന്ന് ആനാവൂർ നാഗപ്പൻ അറിയിച്ചു. പരാതി കൊടുത്ത ശേഷം അനുപമ തന്നെ വിളിച്ചിരുന്നു. പ്രശ്‌നം പാർട്ടിപരമായി പരിഹരിക്കാവുന്നതല്ലെന്നും നിയമപരമായി ശ്രമിക്കണമെന്നും അനുപമയോട് ആവശ്യപ്പെട്ടതായും ആനാവൂർ പറഞ്ഞു.

മാതാപിതാക്കൾ തന്റെ കുഞ്ഞിനെ എടുത്തുമാറ്റിയെന്ന് അനുപമ പരാതിപ്പെട്ടിരുന്നു. ഇഷ്‌ടമല്ലാത്ത ബന്ധത്തിലെ കുഞ്ഞിനെ കൊന്നുകളയുമെന്ന് ഭയന്ന് കരാറിൽ ഒപ്പിട്ടതായും ഇതിനെതിരെ പൊലീസിൽ പരാതി നൽകിയെങ്കിലും ആറ് മാസത്തിന് ശേഷമാണ് എഫ്.ഐ.ആർ ഇട്ടതെന്നും അനുപമ പറഞ്ഞിരുന്നു. കുഞ്ഞിനെ ശിശുക്ഷേമ സമിതി ഏറ്റെടുത്ത് ദത്ത് നൽകിയതായാണ് വിവരം. ആന്ധ്രയിലെ ദമ്പതികൾക്കാണ് കുഞ്ഞിനെ താൽക്കാലികമായി ദത്ത് നൽകിയത്.

കുഞ്ഞിന്റെ ജനന സമയത്ത് ഡിവൈഎഫ്‌ഐ മുൻ മേഖലാ സെക്രട്ടറിയും വിവാഹിതനുമായിരുന്നു അജിത്ത്. കഴിഞ്ഞ വർഷം ഒക്‌ടോബർ 19നാണ് ഇവർക്ക് കുഞ്ഞ് ജനിച്ചത്. 22ന് കുഞ്ഞിനെ തട്ടിയെടുക്കുകയായിരുന്നു എന്നാണ് ആരോപണം. നിയമപരമായി വിവാഹബന്ധം വേർപെടുത്തിയ അജിത്തിനൊപ്പമാണ് അനുപമ മാ‌ർച്ച് മാസം മുതൽ കഴിയുന്നത്. സിപിഎം സംസ്ഥാനസമിതി അംഗമായിരുന്ന പേരൂർക്കട സദാശിവന്റെ പേരക്കുട്ടിയാണ് അനുപമ.

കുഞ്ഞിനെ തിരികെ ലഭിക്കാൻ വൃന്ദാ കാരാട്ട്, കോടിയേരി ബാലകൃഷ്‌ണൻ, എ.വിജയരാഘവൻ, ആനാവൂർ നാഗപ്പൻ എന്നീ സിപിഎം നേതാക്കളെ സമീപിച്ചെങ്കിലും വൃന്ദാ കാരാട്ട് മാത്രമാണ് സഹായിച്ചതെന്ന് അനുപമ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തിൽ ആനാവൂർ നാഗപ്പൻ പ്രതികരിച്ചത്.

Advertisement
Advertisement