കടൽ നികത്തിയാണ് കൈത്തോട് വെട്ടിയത്, അതാണ് മാന്ത്രികം: ഭാരവാഹിപ്പട്ടികയിൽ പ്രതികരണവുമായി കെ പി സി സി അദ്ധ്യക്ഷൻ

Friday 22 October 2021 12:22 PM IST

തിരുവനന്തപുരം: കെ പി സി സിയുടെ പുതിയ ഭാരവാഹിപ്പട്ടികയിൽ തർക്കങ്ങളില്ലെന്ന് പ്രസിഡന്റ് കെ സുധാകരൻ വ്യക്തമാക്കി. പട്ടികയെക്കുറിച്ച് കെ മുരളീധരൻ ഉന്നയിച്ച കാര്യങ്ങളെ കുറിച്ച് അറിയില്ലെന്നും പരാതി വന്നാൽ പരിഗണിക്കുമെന്നും മാദ്ധ്യമങ്ങളാേട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

'പുതിയ പട്ടികയെക്കുറിച്ച് ഒരു തർക്കവുമില്ല. നിങ്ങൾ തർക്കം ഉണ്ടാക്കേണ്ട. എന്തെങ്കിലും കിട്ടാനാണ് നിങ്ങൾ ശ്രമിക്കുന്നത് എന്നാൽ, ഒന്നും കിട്ടൂല. മുരളീധരൻ പറഞ്ഞ കാര്യങ്ങളെ കുറിച്ച് അദ്ദേഹവുമായി നേരിട്ടു സംസാരിക്കും. അദ്ദേഹം പറഞ്ഞത് എന്താണ് എന്നറിയില്ല'- സുധാകരൻ പറഞ്ഞു.

മൂന്നൂറിൽ നിന്ന് 56ലേക്ക് ഭാരവാഹിപ്പട്ടിക കൊണ്ടുവന്നത് എങ്ങനെയെന്ന് ചോദ്യത്തിന് അതാണ് മാന്ത്രികം എന്നായിരുന്നു സുധാകരൻ പറഞ്ഞത്. 'അവിടെയാണ് നിങ്ങൾ ഞങ്ങളെ വിലയിരുത്തേണ്ടത്. കടൽ നികത്തിയാണ് കൈത്തോട് വെട്ടിയത്. ഇത് ചെറിയ അദ്ധ്വാനമല്ല. ഇതിൽ പാർട്ടിയിലെ എല്ലാ തലമൂത്ത നേതാക്കന്മാരും ആത്മാർത്ഥമായി സഹകരിച്ചു.. സഹകരിച്ചില്ലെങ്കിൽ ഇങ്ങനെ പറ്റുമായിരുന്നോ? അതിന്റെ ഫലമാണ് ഇത്രയും അംഗസംഖ്യ കുറയ്ക്കാൻ സാധിച്ചത്.' -കെ പി സി സി അദ്ധ്യക്ഷൻ വ്യക്തമാക്കി.

മോൻസൺ വിഷയത്തിൽ രൂക്ഷമായാണ് അദ്ദേഹം പ്രതികരിച്ചത്. 'ഈ പൂഴിക്കടക്കനൊന്നും എന്റെയടുത്ത് എടുക്കേണ്ട. ഇത് ജനുസ് വേറെയാ. മനസിലായില്ലേ. അങ്ങനെയുണ്ടെങ്കിൽ അന്വേഷിച്ചോട്ടെ. ഞാനപ്പോൾ നോക്കിക്കോളാം. മുഖ്യമന്ത്രിക്കടക്കം കാര്യങ്ങൾ വ്യക്തമായതാണ് '

പുതിയ ഭാരവാഹിപ്പട്ടികയിൽ അതൃപ്തി പ്രകടിപ്പിച്ച് കെ മുരളീധരൻ എം പി ഇന്നാണ് പരസ്യമായി രംഗത്തെത്തിയത്. പുതിയ പട്ടികയെ അനുകൂലിക്കുന്നില്ലെന്ന് വ്യക്തമാക്കിയ മുരളീധരൻ മുൻ പ്രസിഡന്റുമാരോട് കൂടുതൽ ചർച്ച ആകാമായിരുന്നുവെന്നും എങ്കിൽ പട്ടിക കൂടുതൽ നന്നാക്കാമായിരുന്നുവെന്നും പറഞ്ഞു.