നയതന്ത്ര സ്വർണക്കടത്തിൽ കുറ്റപത്രം സമർപ്പിച്ച് കസ്‌റ്റംസ്; സരിത്ത് ഒന്നാംപ്രതി, ശിവശങ്കർ 29ാം പ്രതി

Friday 22 October 2021 1:26 PM IST

കൊച്ചി: ഒരുവർഷം നീണ്ട അന്വേഷണത്തിനൊടുവിൽ നയതന്ത്ര സ്വർണക്കടത്ത് കേസിൽ കുറ്റപത്രം സമർപ്പിച്ച് കസ്‌‌റ്റംസ്. സ്വപ്‌നയും സരിത്തും സന്ദീപ് നായരും സ്വർണം കടത്തുന്ന വിവരം അറിഞ്ഞിട്ടും അത് മറച്ചുവച്ച അന്നത്തെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിനെ കേസിൽ 29ാം പ്രതിയാക്കി. ശിവശങ്കർ ചെയ്‌തത് ഗൗരവമായ കുറ്റമാണ്. 3000 പേജുള‌ള കുറ്റപത്രം കൊച്ചിയിലെ കോടതിയിൽ കസ്‌റ്റംസ് സമർപ്പിച്ചു.

കുറ്റപത്രമനുസരിച്ച് സരിത്താണ് കേസിൽ മുഖ്യപ്രതി. 21 തവണ 169 കിലോ സ്വർണം നയതന്ത്ര ചാനൽ വഴി കടത്തിയ റമീസാണ് കടത്തിന്റെ മുഖ്യ ആസൂത്രകൻ. ഇതിനായി പണം നൽകിയത് കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നുള‌ള പ്രതികളാണ്. സ്വർണക്കടത്തിൽ ശിവശങ്കറിന് സാമ്പത്തിക ലാഭമുണ്ടായതായോ പണം ഭീകരവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചെന്നതിനും കണ്ടെത്താൻ തെളിവൊന്നും കസ്‌റ്റംസിന് ലഭിച്ചിട്ടില്ല.

മംഗലാപുരം മുതൽ ഹൈദരാബാദ് വരെയുള‌ളയിടങ്ങളിൽ ഇങ്ങനെ കടത്തിയ സ്വർണം വി‌റ്റു. ഇവ പോയ വഴിയും വാങ്ങിയവരും ആരെല്ലാമെന്ന് തിരിച്ചറിഞ്ഞെങ്കിലും അവ വീണ്ടെടുക്കാൻ കഴിഞ്ഞില്ല. ശിവശങ്കർ പ്രതിസ്ഥാനത്ത് വന്നെങ്കിലും കോൺസുലേ‌റ്റിലെ അറ്റാഷെയോ കോൺസുൽ ജനറലോ കേസിൽ നിലവിൽ പ്രതിയല്ല.